തണ്ണിത്തോട്: സിപിഎമ്മുകാർ നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീട് ആക്രമിച്ച കേസ് ഡിവൈഎസ്പി അന്വേഷിക്കും. സംഭവത്തിൽ മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു വിദ്യാർഥിനി വീടിനു മുൻപിൽ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു.
വീട്ടുകാരുടെ പരാതി അന്വേഷിക്കാനും പുതിയതായി മൊഴിയെടുക്കാനും അടൂർ ഡിവൈഎസ്പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തുകയും ഡിവൈഎസ്പി ജവഹർ ജനാർദ് നേരിട്ടെത്തി വിദ്യാർഥിനിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തതോടെയുമാണ് നിരാഹാരം അവസാനപ്പിച്ചത്.
വീട് ആക്രമണ കേസിൽ പിടികൂടാനുണ്ടായിരുന്ന 3 പേരെ കൂടി ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ സഹോദരൻ കാർത്തികഭവൻ നവീൻ പ്രസാദ് (30), ചക്കിട്ടയിൽ ജിൻസൺ (28), ഈട്ടിക്കൽ സനൽ വർഗീസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട 6 പേരിൽ 3 പേരെ സംഭവത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
വിദ്യാർഥിനിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയതിൽ അപാകതയില്ലെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. എന്നാൽ അപ്പോൾ ആരോപണം ഉന്നയിച്ചിരുന്നില്ല. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും മൊഴി അനുസരിച്ചുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളതെന്നും കെ.ജി.സൈമൺ പറഞ്ഞു.
Post Your Comments