Latest NewsUAENewsGulf

കോവിഡ് 19 : ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായിരുന്ന തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പ്രദീപ് സാഗർ (41) ആണ് മരിച്ചത്. അസുഖം കൂടുതലായതോടെ ഒരാഴ്ച മുൻപാണ് പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

Also read : കോവിഡ് 19 : ഒമാനിൽ 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു : ആശങ്കയൊഴിയാതെ പ്രവാസികൾ

രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. രണ്ടാഴ്ച മുൻപാണ് രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായത്. തുടർന്ന് ക്ലിനിക്കിൽ പോയി കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്ന് പറ‍ഞ്ഞു. അസുഖം കുറയാതെ വന്നതോടെ വീണ്ടും ടെസ്റ്റ് നടത്തി. അപ്പോൾ ഫലം പോസറ്റീവായെന്നും ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം

അതേസമയം കൊവിഡ് വൈറസ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി ഇന്ന് മരിച്ചിരുന്നു. ബിർമിംഗ്ഹാമിൽ താമസിച്ചിരുന്ന കോട്ടയം കങ്ങഴ സ്വദേശി ഡോ . അമറുദീനാണ്(73 ) മരിച്ചത്. ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ബ്രിട്ടനിൽ കൊവിഡ് ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

യു.എ.ഇയില്‍ 376 പേര്‍ക്ക് കൂടി ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്, ഇവരുടെ നില തൃപ്തികരമാണ്, ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു, ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം ഏപ്രിൽ 11 ലെ കണക്കനുസരിച്ച് 3,736 ആയി. 70 രോഗികൾ പൂർണമായി സുഖം പ്രാപിച്ചു. ഇതോടെ മൊത്തം ഭേദപ്പെടലുകളുടെ എണ്ണം 588ലേക്ക് ഉയർന്നു. രാജ്യത്ത് ആകെ മരണസംഖ്യ 20 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button