Latest NewsNewsInternational

ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് രാജ്യാന്തര മാധ്യമങ്ങള്‍

ന്യൂഡല്‍ഹി : ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് രാജ്യാന്തര മാധ്യമങ്ങള്‍. രാജ്യാന്തര മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം വലിയ തോതില്‍ വിജയിച്ചതിനെ കുറിച്ച് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത് കൊടുത്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശദമായി വിലയിരുത്തിയാണു വാഷിങ്ടന്‍ പോസ്റ്റ് അഭിനന്ദിക്കുന്നത്. കേരളത്തിന്റെ നടപടി ‘കര്‍ശനവും മനുഷ്യത്വപരവു’മാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Read ALSO : കേരളത്തിന് മുന്നറിയിപ്പ് : ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ രോഗം വ്യാപിയ്ക്കും : ജനങ്ങള്‍ സഹകരിയ്ക്കണം : ഇന്ത്യയില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല : ലോകാരാഗ്യസംഘടന

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. 30 വര്‍ഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയര്‍ന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുമ്പോള്‍ ആളുകളെ പരിശോധിക്കുന്നതില്‍ കേരളം സജീവമായി മുന്നില്‍നിന്നു. ഏപ്രില്‍ ആദ്യവാരം 13,000ലേറെ പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ് 6000, തമിഴ്‌നാട് 8000 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. ദേശീയ തലത്തില്‍ 10 ശതമാനം പരിശോധന നടന്നിരുന്നില്ലെന്നും ഓര്‍ക്കണം. ഈ ആഴ്ച വാക്ക്-ഇന്‍ പരിശോധന സൗകര്യവും കേരളം ഏര്‍പ്പാടാക്കുകയാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി 2.6 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, അതിഥി തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ്, ധനസഹായം, സൗജന്യ ഭക്ഷണം, സമൂഹ അടുക്കള തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button