മസ്‌ക്കറ്റ് : വിദേശികള്‍ക്കുൾപ്പെടെ കോവിഡ് 19 ചികിത്സ സൗജന്യമാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ്. വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയാല്‍ സ്വദേശിക്കും വിദേശിക്കും ചികിത്സ സൗജന്യമായി നല്‍കുവാന്‍ ഒമാന്‍ ഭരണാധികാരി ആരോഗ്യ മന്ത്രാലയത്തിന് ഉത്തരവ് നൽകി. അതേസമയം, കോവിഡ് 19 സാമൂഹ്യവ്യാപനമായ മത്ര പ്രവിശ്യയില്‍ കൂടുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഒമാന്‍ സുപ്രിംകമ്മറ്റി പുറത്തിറക്കി. ഇന്ന് മുതൽ മത്ര പ്രവിശ്യയില്‍ കോവിഡ് 19 പരിശോധന ആരംഭിക്കുമെന്നും പരിശോധനക്ക് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ലെന്നും സുപ്രിം കമ്മറ്റി അറിയിച്ചു.
Also read : അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട്
മാത്രാ പ്രാവശ്യയിലുള്ള എല്ലാ സ്വദേശികളും ഒപ്പം സ്ഥിരതാമസക്കാരുമായ വിദേശികളും കോവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സൈദി അറിയിച്ചു. മാത്രാ പ്രവിശ്യയിലെ പരിശോധന കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് ഉടന്‍ തന്നെ പ്രഖ്യാപിക്കും. പരിശോധനക്കായി എത്തുന്ന വിദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് സ്ഥിരീകരിച്ച 457 കൊവിഡ് 19 കേസുകളില്‍ 296 കേസുകളും മാത്രയിലാണ്.
കഴിഞ്ഞ ദിവസം വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ താമസക്കാരിയായിരുന്ന 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. നേരത്തെ മരണപ്പെട്ടത് മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ള രണ്ട് ഒമാൻ സ്വദേശികളാണ്.ഇരുവർക്കും എഴുപതു വയസിന് മുകളിൽ പ്രായമുണ്ടായിരുന്നു. മാർച്ച് 31നായിരുന്നു കൊവിഡ് 19 മൂലം ആദ്യ മരണം ഇവിടെ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 4നായിരുന്നു രണ്ടാമത്തെ മരണം.
ഒമാനിൽ കഴിഞ്ഞ ദിവസം 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 457ലെത്തിയെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.
Post Your Comments