ന്യൂഡല്‍ഹി : കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഡല്‍ഹി , മാരക വൈറസിനെ തുരത്താന്‍ അഞ്ചിന കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെള്ളിയാഴ്ച മുതല്‍ രോഗം കൂടുതലായി കണ്ട പ്രദേശങ്ങളില്‍ (ഹോട്ട്‌സ്പോട്ട്) ഒരു ലക്ഷം റാപ്പിഡ് കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധന (ടെസ്റ്റിങ്), പിന്തുടരല്‍ (ട്രെയ്‌സിങ്), ചികിത്സ (ട്രീറ്റ്‌മെന്റ്), കൂട്ടായ പ്രവര്‍ത്തനം (ടീം വര്‍ക്ക്), ട്രാക്കിങ് (രോഗ സമ്പര്‍ക്കം കണ്ടെത്തല്‍) എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണു കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്.
read also : ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി
ടെസ്റ്റിങ് : പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ചവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കും. ഹോം ക്വാറന്റീന്‍ ഉറപ്പാക്കും. ഇക്കാര്യത്തില്‍ പൊലീസിന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഹോം ക്വാറന്റീന്‍ ഉറപ്പാക്കാന്‍ പൊലീസ് പരിശോധനയും നടത്തും. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ഫോണ്‍ നമ്പരുകള്‍ പൊലീസിനു കൈമാറിയതായും ഇവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു
ട്രെയ്‌സിങ് : കോവിഡ് പരിശോധന കൂടുതല്‍ പേരില്‍ നടത്താനും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ശ്രമം. റാപ്പിഡ് പരിശോധനാ കിറ്റുകള്‍ ലഭിച്ചാലുടന്‍ വെള്ളിയാഴ്ച മുതല്‍ പരിശോധന ആരംഭിക്കും. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍ തുടങ്ങിയ നഗരത്തിലെ ഹോട്ട് സ്‌പോട്ടുകളിലാണു പ്രധാനമായും പരിശോധന. രോഗം ബാധിച്ചവരെ വേഗത്തില്‍ കണ്ടെത്താനും ഇതിലൂടെ വ്യാപനം തടയാനും സാധിക്കുമെന്നു പ്രതീക്ഷ.
ട്രീറ്റ്‌മെന്റ് : നഗരത്തിലെ വിവിധ ആശുപത്രികളിലെ 2950 കിടക്ക കോവിഡ് രോഗികള്‍ക്കു വേണ്ടി മാത്രം. എല്‍എന്‍ജെപി, ജിബി പന്ത്, രാജീവ് ഗാന്ധി ആശുപത്രികള്‍ കോവിഡ് രോഗികളെ മാത്രമാകും പ്രവേശിപ്പിക്കുക. സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്കു പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. 400 കിടക്കകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചു. 12,000 ഹോട്ടല്‍ മുറികളും ക്രമീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച മുതിര്‍ന്നവരെയും രോഗം ഗുരുതരമായവരെയും മാത്രം ആശുപത്രിയിലാക്കും. ബാക്കിയുള്ളവരെ ഹോട്ടല്‍ മുറിയിലാകും ഐസലേഷനിലാക്കുക. രോഗികളുടെ എണ്ണം 30,000 കടന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ധാരണയായിട്ടുണ്ട്. വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന ഹാളുകളെയും മറ്റും ഇതിനായി പ്രയോജനപ്പെടുത്തും
ടീം വര്‍ക്ക് : പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നല്ല മാതൃകകളും നടപ്പാക്കും. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ചേര്‍ന്നുള്ള കൂട്ടായ്മയിലാണ് രോഗ പ്രതിരോധം നടക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഏറെ അധ്വാനിക്കുന്നുണ്ട്. അവരുടെ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും കേജ്രിവാള്‍ പറഞ്ഞു.
ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് : കോവിഡ് രോഗത്തിന്റെ വ്യാപനം, അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. 30,000 രോഗികളുണ്ടായാല്‍ 400 വെന്റിലേറ്ററുകളും ഓക്‌സിജന്‍ സൗകര്യമുള്ള 12,000 കിടക്കയും ആവശ്യമായി വരുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. നഴ്‌സുമാര്‍ക്കും മറ്റുമുള്ള സ്വയം സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) 27,000 എണ്ണം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഇത് ഇന്നു ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
Post Your Comments