ന്യൂഡല്‍ഹി: ” കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സിന്റെ വാക്കുകൾ താന്‍ കടന്നുപോകുന്ന ഒറ്റപ്പെടലിന്റെയും ദുരിത ജീവിതത്തിന്റെയും നേർക്കാഴ്ചയാണ്. അസുഖം റിപ്പോര്‍ട്ട് ചെയ്ത് ഇത്രയധികം ദിവസം പിന്നിട്ടിട്ടും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ വിഷയത്തില്‍ ഇടപെട്ടിട്ടും വിവിധ ആശുപത്രികളില്‍ കഴിയുന്ന ഇവരുടെ നില പരിതാപകരമാണ്. ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഡ് ബാധിച്ച് എട്ടുമാസം ഗര്‍ഭിണിയായ മലയാളി നഴ്സ് ഉള്‍പ്പടെയുള്ളവരാണ് രണ്ട് ആശുപത്രികളിലായി ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ ഗര്‍ഭിണിയായ യുവതി എല്‍എന്‍ജെപി ആശുപത്രിയില്‍ തനിച്ചാണ് കഴിയുന്നത്.
ഗര്‍ഭസ്ഥ ശിശുവിന്റെ പരിശോധനാ ഫലം ഉള്‍പ്പടെ ചികിത്സാറിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടും രണ്ടു ദിവസമായി ആശുപത്രിയില്‍ നിന്നു ലഭിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. കോവിഡ് ചികിത്സാ കേന്ദ്രമായി മാറിയ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസ സൗകര്യം ഉള്‍പ്പടെ ലഭ്യമാക്കിയപ്പോള്‍ നഴ്സുമാര്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പരാതിയുണ്ട്. ബുധനാഴ്ച ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ 12 നഴ്സുമാര്‍ക്കാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നത്.സഹപ്രര്വത്തകരും കോവിഡ് ബാധിതരുമായ നഴ്സുമാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത് മറ്റൊരു ആശുപത്രിയില്‍ ആയതിനാല്‍ ഇവര്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്.
അതിനിടെ ഗര്‍ഭിണിയായ യുവതിക്ക് സമയത്ത് ഭക്ഷണം പോലും ഇവിടെ നിന്നു ലഭിക്കുന്നുമില്ല.തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നിട്ടും ഡല്‍ഹി സര്‍ക്കാരില്‍ നിന്നോ ആശുപത്രി അധികൃതരില്‍ നിന്നോ അനുകൂല സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഗര്‍ഭിണിയായ യുവതി ഒഴികെ ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റ് ഒമ്പത് പേരും രാജീവ് ഗാന്ധി ആശുപത്രിയിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പ്രതിരോധ ചികിത്സയുടെ ഭാഗമായി ഇവര്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കുന്നുണ്ട്.നഴ്സുമാരുടെ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
നഴ്സുമാര്‍ക്ക് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേജരിവാളിന് കത്തും നല്‍കിയിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു ഉറപ്പും സഹായമായോ പരിചരണമായോ ഈ നഴ്സുമാരെ തേടി എത്തിയിട്ടില്ല. ശാരീരിക പ്രതിരോധ ശേഷി ഉറപ്പു വരുത്തേണ്ട സാഹചര്യത്തിലും ഇവര്‍ക്ക് മൂന്ന് നേരം പോലും ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല. ഉച്ചയോടെയാണ് പ്രഭാത ഭക്ഷണം ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി പന്ത്രണ്ട് മണിക്കാണ് ഭക്ഷണം എത്തിച്ചതെന്നും നിരീക്ഷണത്തില്‍ കഴിയുന്ന മെയില്‍ നഴ്സ് പറഞ്ഞത്.നാലും എട്ടും വയസുള്ള മക്കളുമായി മറ്റൊരു മലയാളി നഴ്സും ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്നലെയും ഒരു നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. ദീപിക ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments