Festivals

ക്രിസ്തീയ വിശേഷദിനമായ പെസഹാ വ്യാഴവും പെസഹാ അപ്പവും

ക്രൈസ്തവര്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്‍ബ്ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ വിശ്വാസികള്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയര്‍ത്തെഴുന്നേല്പും സ്മരിക്കുന്നു.

അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.

കുരിശിനുമുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു.

ചിലയിടങ്ങളില്‍ ‘പാല് കുറുക്ക്’ (പാലുര്‍ക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയില്‍ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോള്‍ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുര്‍ബ്ബാന കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായി ഈ ആചാരം കണക്കാക്കപ്പെട്ടിരുന്നു

 

shortlink

Related Articles

Post Your Comments


Back to top button