ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മഹാമാരിയെ ചെറുക്കേണ്ട ഉത്തരവാദിത്തം സ്വകാര്യ ലാബുകാര്‍ക്കുണ്ടെന്നും കോവിഡ് പരിശോധനയ്ക്ക് രാജ്യത്താകമാനമുള്ള എല്ലാ അംഗീകൃത സ്വകാര്യ ലാബുകളും ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും സുപ്രീം കോടതി. കോവിഡ് നിര്‍ണയ ടെസ്റ്റുകള്‍ സര്‍ക്കാര്‍ ലാബുകളില്‍ നിലവില്‍ സൗജന്യമാണ്. എന്നാല്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതോ ഡബ്ല്യു.എച്ച്.ഒ അല്ലെങ്കില്‍ ഐ.സി.എം.ആര്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളില്‍ മാത്രമെ രോഗ നിര്‍ണയം നടത്താവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍,? എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പരിശോധന സംബന്ധമായി സ്വകാര്യ ലാബുകള്‍ക്കുണ്ടാകുന്ന ചെലവ് സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കോവിഡ് പരിശോധന സൗജന്യമായി നടത്തുന്നതിന് സ്വകാര്യലാബുകള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിനെ ചുമതലപെടുത്തണമെന്ന ആവശ്യവുമായി അഭിഭാഷകനായ ശശാങ്ക് ദിയോ സുധയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദിവസേന രാജ്യത്തെ 118 ലാബുകളിലുമായി 15,000 കോവിഡ് ടെസ്റ്റുകളാണ് നേരത്തെ നടത്തിയിരുന്നത്. എന്നാല്‍ രോഗവ്യാപനം വന്‍ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 47 സ്വകാര്യ ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിന് അനുമതി നല്‍കുകയായിരുന്നു.
Post Your Comments