
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയും കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ബാക്കി ജില്ലകളില്‍ ഒന്നും തന്നെ അലേര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
മറ്റ് ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിയോട് കൂടിയ മഴയ്ക്കായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടാം തീയതി വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പ്.
Post Your Comments