ലോകത്ത് മഹാമാരിയായി കോവിഡ് വൈറസ് വ്യാപിക്കുന്ന അവസ്ഥയിലാണ് ക്രൈസ്തവര്‍ ഇത്തവണ പെസഹ വ്യാഴം ആചരിക്കുന്നത്. ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എഴുപത്തയ്യായിരം കടന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 75,964 ആണ് മരണ സംഖ്യ. പതിമൂന്ന് ലക്ഷത്തി അറുപതിനായിരത്തി ഇരുന്നൂറ്റി നാല്പത്തേഴ് പേര്‍ക്ക് ഇപ്പോള്‍ രോഗബാധയുണ്ട്. മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ രോഗമുക്തരായി.
ലോക രാഷ്ട്രങ്ങളിൽ മുഴുവൻ കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രങ്ങളുണ്ട്. ഇന്ത്യയിൽ ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 9 നാണ് പെസഹാ വ്യാഴം. അതിനാൽ തന്നെ കൂട്ടമായ ആരാധന പള്ളികളിൽ നടത്താനാവില്ല. ഓശാന ഞായർ ആചരിച്ചതും ലളിതമായ പ്രാർത്ഥന മാത്രം നടത്തിയാണ്.
‘മോണ്ടി തേസ്ഡെ’ എന്നാണ് പെസഹ വ്യാഴം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.
അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും.
പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല് കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ ചടങ്ങ് ഒഴിവാക്കും.
അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
Post Your Comments