Latest NewsKeralaNews

‘നിനക്ക് ഒരു കുരുവും ഇല്ല’ എന്നാണ് എസ്.ഐ പറഞ്ഞത്: പോലീസുകാരോട്, നിങ്ങൾ കൊറോണയേക്കാൾ ഭീകരരാവരുത്, പ്ലീസ്.. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുഹൃത്തിനുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഡോക്ടര്‍

തിരുവനന്തപുരം•ഭക്ഷണം കഴിച്ചതിലെ അലര്‍ജി മൂലം ദേഹം മൊത്തം ചൊറിഞ്ഞ് തടിച്ച് ആശുപത്രിയിലേക്ക് സത്യവാങ്മൂലവുമായി പോയയാളെ പോലീസ് തടഞ്ഞെന്ന് വെളിപ്പെടുത്തി ഡോ.മനോജ്‌ വെള്ളനാട്. ഭക്ഷണം കഴിച്ചതിലെ അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോയ സുഹൃത്തിനാണ് ദുരനുഭവമുണ്ടായത്.

എന്ത് കാരണം കൊണ്ടാണ് ആശുപത്രിയിൽ പോകുന്നത് എന്നുള്ള ഡിക്ലറേഷനും കൈയിലുണ്ട്. പക്ഷേ വഴിയിൽ വച്ച്, കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ പോലീസുകാർ തടഞ്ഞു. കാര്യം പറഞ്ഞു, ഡിക്ലറേഷൻ കാണിച്ചു. ആരോഗ്യപ്രവർത്തകരും ഉണ്ടായിരു ന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു എസ് ഐ മാത്രം സുഹൃത്തിനെ എന്തു പറഞ്ഞിട്ടും വിടാൻ തയ്യാറായില്ല. ദേഹത്തെ തിണർത്ത പാടുകൾ കാണിച്ചിട്ടും അയാൾ വാശിയിലായിരുന്നു. ‘നിനക്ക് ഒരു കുരുവും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എത്ര ഗുരുതരമായിരുന്നു ആ സുഹൃത്തിൻ്റെ അവസ്ഥയെന്ന് ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ അറിയാൻ പറ്റും. ഒരു അലർജി തന്നെ മതി ഒരാൾ നിമിഷനേരം കൊണ്ട് മരണത്തിലേക്ക് പോകാൻ. തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശ്വാസനാളത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ ശ്വാസം എടുക്കാൻ പറ്റാത്ത ആൾ മരിക്കാം. ബിപി വളരെ പെട്ടെന്ന് കുറഞ്ഞും ആൾ മരിച്ചു പോകാൻ അധികം സമയം വേണ്ടാ. നമ്മുടെ പോലീസുകാർക്ക് അമിതമായ അധികാരം കിട്ടുമ്പോൾ എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ പലർക്കുമുണ്ട്. ഇത് ഒഴിവാക്കിയേ പറ്റു. മര്യാദയ്ക്കും മാന്യമായും ജോലിചെയ്യുന്ന 90 ശതമാനം പോലീസുകാരുടെയും പേര് ചീത്തയാക്കുന്നത് ഇതുപോലുള്ള ഒന്നോ രണ്ടോ അധികാരം ദുർവിനിയോഗം ചെയ്യുന്ന ആൾക്കാരാണ്.

സർക്കാരിതൊന്നും ലാഘവത്തിലെടുക്കരുതെന്നും ഇന്നലെ രാത്രിയിൽ കടമ്പാട്ടുകോണം ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന SI യ്ക്കെതിരെ നടപടി വേണമെന്നും ഒരിടത്തും ഇനിയിത് ആവർത്തിക്കാൻ പാടില്ലെന്നും ഡോ.മനോജ്‌ വെള്ളനാട് പറഞ്ഞു.

ഡോ. മനോജ്‌ വെള്ളനാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ അർദ്ധരാത്രിയിൽ എൻ്റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകാൻ തയ്യാറാവുകയും ചെയ്തു.

എന്ത് കാരണം കൊണ്ടാണ് ആശുപത്രിയിൽ പോകുന്നത് എന്നുള്ള ഡിക്ലറേഷനും കൈയിലുണ്ട്. പക്ഷേ വഴിയിൽ വച്ച്, കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ പോലീസുകാർ തടഞ്ഞു. കാര്യം പറഞ്ഞു, ഡിക്ലറേഷൻ കാണിച്ചു. ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നത്രേ.

അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു എസ് ഐ മാത്രം സുഹൃത്തിനെ എന്തു പറഞ്ഞിട്ടും വിടാൻ തയ്യാറായില്ല. ദേഹത്തെ തിണർത്ത പാടുകൾ കാണിച്ചിട്ടും അയാൾ വാശിയിലായിരുന്നു. ‘നിനക്ക് ഒരു കുരുവും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സുഹൃത്ത് വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം കാലു പിടിക്കുന്ന പോലെ പറഞ്ഞു. ‘എന്നാ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്ത്..’ എന്ന രീതിയിലായി സംസാരമൊക്കെ. തർക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ട് മാത്രം അദ്ദേഹം തിരിച്ചുവന്നു. വീട്ടിലുണ്ടായിരുന്ന ജലദോഷത്തിനുള്ള മരുന്ന് കഴിച്ചും കലാമിൻ ലോഷൻ പുരട്ടിയും ഉറക്കമിളച്ചിരുന്നു.

എനിക്ക് മനസ്സിലാകാത്ത കാര്യം പോലീസുകാര് എന്നുമുതലാണ് രോഗനിർണയവും ചികിത്സയും തുടങ്ങിയതെന്നാണ്? എത്ര ഗുരുതരമായിരുന്നു ആ സുഹൃത്തിൻ്റെ അവസ്ഥയെന്ന് ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ അറിയാൻ പറ്റും. ഒരു അലർജി തന്നെ മതി ഒരാൾ നിമിഷനേരം കൊണ്ട് മരണത്തിലേക്ക് പോകാൻ. തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശ്വാസനാളത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ ശ്വാസം എടുക്കാൻ പറ്റാത്ത ആൾ മരിക്കാം. ബിപി വളരെ പെട്ടെന്ന് കുറഞ്ഞും ആൾ മരിച്ചു പോകാൻ അധികം സമയം വേണ്ടാ.

ഇതൊക്കെ പോലീസുകാർക്കെങ്ങനെ അറിയാൻ കഴിയും? ആശുപത്രിയിൽ പോകുന്നൊരാളുടെ രോഗവിവരം ചോദിക്കേണ്ട കാര്യം പോലും പോലീസുകാർക്കില്ല. അത് തന്നെ സ്വകാര്യതയുടെ ലംഘനമാണ്.

ഒരാളുടെ രോഗം ഗുരുതരമാണോ അല്ലയോ എന്ന് ഡോക്ടർമാർ പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ആശുപത്രിയിലേക്ക് പോകുന്ന ഒരാൾ തലവേദന ആണെന്ന് പറയുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടോ മൈഗ്രേൻ ആണോ എന്നൊക്കെ ആർക്കും അറിയാൻ പറ്റില്ല.

ആശുപത്രിയിൽ പോകാൻ വരുന്ന രോഗിയുടെ ഡിക്ലറേഷൻ ഫോം കറക്റ്റ് ആണോന്ന് മാത്രം നോക്കിയാൽ പോരെ? അല്ലാതെ രോഗിയെ തടയുകയും രോഗത്തിന് ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്നത് വഴി എന്താണ് നിങ്ങൾ നൽകുന്ന സന്ദേശം?

ഭാഗ്യത്തിന് ആ സുഹൃത്തിന് അപകടമൊന്നും പറ്റിയില്ല. പറ്റിയിരുന്നെങ്കിൽ പോലും ഇതൊന്നും ആരും അറിയുകയുമില്ല. കർണാടകത്തിലേക്ക് പോകാനാകാതെ ചികിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ മാത്രം വാർത്ത മാധ്യമങ്ങളിൽ വന്നാൽ പോരാ. ഇവിടെയും അതുപോലെ തടയപ്പെടുന്നുണ്ട്. ചികിത്സാ നിഷേധം തന്നെയാണിത്.

നമ്മുടെ പോലീസുകാർക്ക് അമിതമായ അധികാരം കിട്ടുമ്പോൾ എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ പലർക്കുമുണ്ട്. ഇത് ഒഴിവാക്കിയേ പറ്റു. മര്യാദയ്ക്കും മാന്യമായും ജോലിചെയ്യുന്ന 90 ശതമാനം പോലീസുകാരുടെയും പേര് ചീത്തയാക്കുന്നത് ഇതുപോലുള്ള ഒന്നോ രണ്ടോ അധികാരം ദുർവിനിയോഗം ചെയ്യുന്ന ആൾക്കാരാണ്.

സർക്കാരിതൊന്നും ലാഘവത്തിലെടുക്കരുതെന്നും ഇന്നലെ രാത്രിയിൽ കടമ്പാട്ടുകോണം ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന SI യ്ക്കെതിരെ നടപടി വേണമെന്നും ഒരിടത്തും ഇനിയിത് ആവർത്തിക്കാൻ പാടില്ലാന്നും അഭ്യർത്ഥനയുണ്ട്.

പോലീസുകാരോട്, നിങ്ങൾ കൊറോണയേക്കാൾ ഭീകരരാവരുത്, പ്ലീസ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button