തിരുവനന്തപുരം•കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗസാധ്യതാ നിരീക്ഷണ മാർഗരേഖ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ പുറത്തിറക്കി. വിദേശരാജ്യങ്ങളിൽ മൃഗശാലയിലെ കടുവകളിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രോഗബാധിതരായ മനുഷ്യരിൽ നിന്നാണ് മൃഗങ്ങൾക്ക് രോഗബാധയുണ്ടായത്. മൃഗങ്ങളിലെ രോഗബാധ സംബന്ധിച്ച് ആശങ്കാജനകമായ യാതൊരു സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ല. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിലെ വളർത്തുമൃഗങ്ങളെ നിരീക്ഷണത്തിൽ വച്ച് അസാധാരണ രോഗലക്ഷണങ്ങളോ മരണനിരക്കോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണം.
വെറ്ററിനറി ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർ ജോലി സമയത്ത് മതിയായ വ്യക്തിസുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണം. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വീടുകളിലെ വളർത്തുമൃഗങ്ങളെ പ്രത്യേകം പാർപ്പിക്കണം. നിരീക്ഷണത്തിലുള്ള ആളുകൾ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് മാത്രം മൃഗങ്ങളുമായി ഇടപഴകുക. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വളർത്തുമൃഗങ്ങളോട് അമിതമായ അടുപ്പം പുലർത്തുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളുടെ പാർപ്പിടങ്ങൾ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കണം.
Post Your Comments