സഹിക്കാന്‍ ഇനിയുമേറെയുണ്ടെങ്കിലും നല്ല ദിനങ്ങള്‍ മടങ്ങിയെത്തും.. നമ്മള്‍ വീണ്ടും സുഹൃത്തുക്കളെ കാണും. കുടുംബങ്ങള്‍ ഒത്തുചേരും…. ബ്രിട്ടണ് ആത്മധൈര്യം പകര്‍ന്ന് രാജ്ഞിയുടെ അഭിസംബോധന : ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിയ്ക്കാന്‍ ഇന്ത്യന്‍ മാതൃക
ലണ്ടന്‍ : മരണതാണ്ഡവമാടുന്ന ബ്രിട്ടണില്‍ ജനതയ്ക്ക് ആത്മധൈര്യം പകര്‍ന്ന് എലിസബത്ത് രാജ്ഞി. സഹിക്കാന്‍ ഇനിയുമേറെയുണ്ടെങ്കിലും നല്ല ദിനങ്ങള്‍ മടങ്ങിയെത്തും.. നമ്മള്‍ വീണ്ടും സുഹൃത്തുക്കളെ കാണും. കുടുംബങ്ങള്‍ ഒത്തുചേരും…. ബ്രിട്ടണ് ആത്മധൈര്യം പകര്‍ന്ന് രാജ്ഞിയുടെ അഭിസംബോധന. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ്(ഇന്ത്യന്‍ സമയം രാത്രി 12.30 ന്) രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിന്‍സര്‍ കൊട്ടാരത്തില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സന്ദേശം ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു.
ഈ വെല്ലുവിളിയോട് നമ്മള്‍ എങ്ങനെ പ്രതികരിച്ചുവെന്നതില്‍ വരുംവര്‍ഷങ്ങളില്‍ ഏവര്‍ക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവര്‍ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന സമയം. ഈ വേളയില്‍ നമുക്കു പിന്തുണ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, എന്‍എച്ച്എസിന് നന്ദി പറയാം. വീടുകളില്‍ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവര്‍ നമ്മളെ തുണയ്ക്കുന്നു. സാധാരണ നിലയില്‍ രാജ്യത്തെ മടക്കിയെത്തിക്കാന്‍ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതില്‍ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതില്‍ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും. ഭൂതകാലത്തില്‍ നമ്മള്‍ ആരായിരുന്നു എന്നതിലല്ല വര്‍ത്തമാനകാലത്തിലും ഭാവിയിലുമാണ് ആ അഭിമാനം ഉറപ്പിക്കേണ്ടത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ജനം മറ്റുള്ളവരെ സഹായിക്കാന്‍ ഒത്തുചേരുന്ന കാഴ്ച ഹൃദയം കവരുന്നു.
ഭക്ഷണവും മരുന്നുമെത്തിക്കുന്നതില്‍ തുടങ്ങി അയല്‍ക്കാരെ കരുതുന്നതിലും ബിസിനസ് സംരംഭങ്ങള്‍ ദുരിതാശ്വാസത്തിനായി മാറ്റിവയ്ക്കുന്നതുമൊക്കെ നമുക്കു കാണാനാകും. മുന്‍പു നേരിട്ട ബുദ്ധിമുട്ടുകളെക്കാള്‍ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തില്‍ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആ നീക്കങ്ങളില്‍ നമുക്കും പങ്കാളികളാവാം.” ശുഭദിനങ്ങള്‍ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ വേളയില്‍ പ്രശസ്ത ഇംഗ്ലിഷ് ഗായിക വെറ ലിന്‍ പാടിയ പ്രശസ്തമായ ‘വീ വില്‍ മീറ്റ് എഗെയ്ന്‍'(നമ്മള്‍ വീണ്ടും കാണും) എന്ന വരികള്‍ എടുത്തുപറഞ്ഞായിരുന്നു ഇത്. സഹിക്കാന്‍ ഇനിയുമേറെയുണ്ടെങ്കിലും നല്ല ദിനങ്ങള്‍ മടങ്ങിയെത്തുമെന്നതില്‍ ആശ്വസിക്കാം. നമ്മള്‍ വീണ്ടും സുഹൃത്തുക്കളെ കാണും. കുടുംബങ്ങള്‍ ഒത്തുചേരും. നമ്മള്‍ വീണ്ടും കാണും.
എല്ലാ വ്യാഴാഴ്ചയും വൈകിട്ട് ആരോഗ്യപ്രവര്‍ത്തകരെ ബ്രിട്ടിഷ് ജനത കയ്യടിച്ച് അഭിനന്ദിക്കുന്നതും രാജ്ഞി അഭിസംബോധനയില്‍ എടുത്തു പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമേകുന്ന ഈ രീതി ദേശീയബോധം വിളിച്ചോതുന്നുവെന്നാണ് രാജ്ഞി സൂചിപ്പിച്ചത്. 1940 ല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് സഹോദരി മാര്‍ഗരറ്റ് രാജകുമാരിയുമൊത്ത് വിന്‍സര്‍ കൊട്ടാരത്തില്‍ നിന്ന് തന്നെ നടത്തിയ തന്റെ ആദ്യ റേഡിയോ പ്രക്ഷേപണത്തെ ഈ അവസരത്തില്‍ ഓര്‍മിക്കുന്നതായും രാജ്ഞി പറഞ്ഞു. യുദ്ധകാലത്ത് സുരക്ഷയ്ക്കായി വീടുകള്‍ വിട്ടിറങ്ങേണ്ട സാഹചര്യത്തിലായ കുട്ടികളെയാണ് അന്ന് ഇരുവരും റേഡിയോയില്‍ അഭിസംബോധന ചെയ്തത്. കൊറോണ വൈറസിനെതിരെ സാമൂഹിക അകലം പാലിക്കുന്നതിലൂടെ ജനമനസ്സുകളില്‍ ഉണ്ടാകുന്ന വേദനകളെയാണ് അന്നത്തെ ഓര്‍മകളുമായി രാജ്ഞി കോര്‍ത്തുവച്ചത്.
68 വര്‍ഷത്തെ ഭരണകാലത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി ബ്രിട്ടനെ ഇത്തരത്തില്‍ പ്രത്യേകമായി അഭിസംബോധന ചെയ്തത്.
Post Your Comments