ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കഴിഞ്ഞാല്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ചിലതിന് ഇളവുവരുത്തുമെന്ന് സൂചന നല്‍കി കേന്ദ്രം. ഇളവുകള്‍ അനുവദിക്കുന്നത് ഈ മേഖലകളില്‍ . എന്നാല്‍ ഏപ്രില്‍ 14നു ശേഷം ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ എന്തൊക്കെയാണ് നടപ്പിലാക്കേണ്ടതെന്ന് കേന്ദ്രമന്ത്രിമാര്‍ക്കിടയിലും വിവിധ മന്ത്രാലയങ്ങള്‍ തമ്മിലും ചര്‍ച്ച നടക്കുകയാണ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആരാഞ്ഞിട്ടുണ്ട്. ഇന്നത്തെ പൂര്‍ണ മന്ത്രിസഭാ യോഗം ഇക്കാര്യം വിലയിരുത്തും.
ബുധനാഴ്ച പാര്‍ലമെന്റിലെ പ്രധാന കക്ഷിനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങളും വിലയിരുത്തിയായിരിക്കും അന്തിമ തീരുമാനം.പൂര്‍ണ ലോക്ക്ഡൗണ്‍ 14നാണ് അവസാനിപ്പിക്കുക. ഷോപ്പിങ് മാളുകളും സിനിമാ ശാലകളും ഉള്‍പ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ അടഞ്ഞു കിടക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. ട്രെയിന്‍ ഓടിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ട്.
ഓടിച്ചാല്‍ തന്നെ നിബന്ധനകളോടെയായിരിക്കും.യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും തെര്‍മല്‍ സ്‌ക്രീനിങ് കര്‍ശനമാക്കും. ട്രെയിനില്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്‌ബോള്‍ യാത്രയുടെ കാരണം വ്യക്തമാക്കണം എന്നിവ നിര്‍ദ്ദേശങ്ങളായി വന്നിട്ടുണ്ട്.
രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടനെ പൂര്‍ണതോതിലാക്കില്ലെന്നാണ് അറിയുന്നത്.കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷകളും പ്രവേശന നടപടികളും കഴിവതും ഓണ്‍ലൈന്‍ വഴിയാക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനെക്കുറിച്ച് 14ന് തീരുമാനിക്കും.
ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ദേവാലയങ്ങളിലും മറ്റും പതിവു പ്രാര്‍ത്ഥനകള്‍ക്ക് ജനം എത്തുന്നതിന് നിയന്ത്രണമുണ്ടാകും. അടിയന്തര ചടങ്ങുകള്‍ അനുവദിച്ചാലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത കടകള്‍ അടച്ചിടുന്നത് തുടരും അതീവ ഗുരുതര ഗണത്തിലുള്ള സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയെല്ലാം പരിഗണനയിലുണ്ട്. നിയന്ത്രിത തോതില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ നല്‍കിത്തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments