തിരുവനന്തപുരം : കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാന്‍ ഞായറാഴ്ച വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കുന്നത് വൈദ്യുതി ഉത്പ്പാദനത്തെ കാര്യമായി ബാധിയ്ക്കുമെന്ന പേരില്‍ കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്. ഇത് അന്തര്‍സംസ്ഥാന ലൈനുകളുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു കെഎസ്ഇബി. ലൈറ്റുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി ഉപയോഗം കുത്തനെ കുറയ്ക്കുമെന്നും, ഇതിലൂടെ ലൈനുകള്‍ തകരാറിലായി ജനങ്ങള്‍ ഇരുട്ടിയാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഞായറാഴ്ച രാത്രികളില്‍ ശരാശരി വൈദ്യുതി ഉപയോഗം 3400-3500 മെഗാവാട്ടാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ലൈറ്റുകള്‍ അണച്ചാല്‍ ശരാശരി 350 മെഗാവാട്ടിന്റെ കുറവേ ഉണ്ടാകൂ എന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എര്‍ത്ത് അവര്‍ സംഘടിപ്പിക്കുമ്പോള്‍ അരമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാറുണ്ട്. ശരാശരി 200 മുതല്‍ 300 മെഗാവാട്ട് വരെയാണ് കേരളത്തിലെ ഉപയോഗത്തില്‍ കുറവുണ്ടായത്. ഗ്രിഡുകള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
ഉപയോഗം കൂടിയാലും കുറഞ്ഞാലും താങ്ങാന്‍ ശേഷിയുള്ളതാണ് അന്തര്‍ സംസ്ഥാന വൈദ്യുതി ലൈനുകള്‍ അടങ്ങിയ ഇന്ത്യയിലെ ഗ്രിഡ്. ഒരു മേഖലയില്‍ വൈദ്യുതി കുറഞ്ഞാല്‍ മറ്റൊരു മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ആ കുറവ് നികത്തും. ഇടുക്കിയിലെ ഉല്‍പാദനം മുഴുവന്‍ നിലച്ചാലും കേരളത്തെ ബാധിക്കാത്ത രീതിയിലാണ് ഗ്രിഡുകളുടെ പ്രവര്‍ത്തനം.
ഞായറാഴ്ച രാത്രിയിലെ സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുമ്പോള്‍ ജലവൈദ്യുതി ഉല്‍പാദനം കൂട്ടാനാണ് നിര്‍ദേശം. 9 മിനിട്ടിനുശേഷം വിളക്കുകള്‍ തെളിക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം കൂടുന്നതിനെ നേരിടാനാണ് ഉല്‍പാദനം കൂട്ടുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഈ സമയം ഡ്യൂട്ടിയിലുണ്ടാകണം. 9 മണിക്ക് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളില്‍ വിശ്വസിക്കരുതെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടിലെ വിളക്കുകള്‍ മാത്രം അണച്ചാല്‍ മതിയെന്നും മറ്റ് ഉപകരണങ്ങള്‍ ഓഫ് ആക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments