Latest NewsKeralaNews

ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തി; 2865 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം•മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്.

2018ല്‍ ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹായത്താല്‍ മത്സ്യ ഉപഭോതാക്കള്‍ക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ശനമായ പരിശോധന നടത്തുകയായിരുന്നു മൂന്നാം ഘട്ടത്തില്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button