ബെംഗളൂരു : ലോക് ഡൗൺ ലംഘിച്ച് രാത്രി കാറിൽ യാത്ര ചെയ്ത പ്രമുഖ നടിക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്കേറ്റു . കന്നട നടി ഷർമിള മൺഡ്രേയും സുഹൃത്ത് ലോകേഷുമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. നടിയും സുഹൃത്തും സഞ്ചരിച്ച കാർ വസന്ത്‌നഗറിലെ മേൽപ്പാലത്തിലെ തൂണുകളിൽ ഇടിക്കുകയായിരുന്നു, വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ കാറിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത് നടിയാണെന്ന വിവരം വ്യക്തമാക്കിയത്. ട്രാഫിക് പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ട ഇവർ പിന്നീട് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കണ്ണിങ്ങാം റോഡിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടന്നും സ്ഥലം വിട്ടു. നടിയുടെ മുഖത്തിനും കൈകൾക്കും പരിക്കേറ്റതായാണ് വിവരം. സുഹൃത്തായ ലോകേഷിന്റെ കൈകൾക്ക് പൊട്ടലുണ്ട്.
അല്പസമയത്തിനുശേഷം അപകടത്തിൽപ്പെട്ട രണ്ടുപേർ ചികിത്സയ്‌ക്കെത്തിയതായി സ്വകാര്യാശുപത്രിയിൽനിന്ന് ഹൈഗ്രൗണ്ട് പൊലീസിന് വിവരം ലഭിച്ചു. നടിയും സുഹൃത്തുമാണ് ചികിത്സതേടിയെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജെ.പി. നഗറിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റതെന്നാണ് നടിയും സുഹൃത്തും ആശുപത്രിയിൽ നൽകിയ വിവരം. എന്നാൽ വസന്ത് നഗറിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്നത് ഇവർതന്നെയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പുറത്തിറങ്ങാനുള്ള പാസുണ്ടായിരുന്നില്ല. ലോക്ഡൗൺ ലംഘിച്ചതിനും തൂണുകൾ തകർന്നതിനും ഇരുവരുടെയും പേരിൽ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഇരുവരെയും ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു.
Post Your Comments