തൃശൂര്‍•കുന്നംകുളത്ത് പ്രചരിക്കുന്ന അപൂർവ്വ ജീവിയെക്കുറിച്ചുളള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു. ജീവിയുടെ പേരു പറഞ്ഞ് ജനങ്ങൾ കൂട്ടംകൂടുന്നതും അകാരണമായി വീട്ടുവിട്ടറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു. അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഈ വാർത്തകളെ അടിസ്ഥാനമാക്കി ചലഞ്ചുകളോ ഗെയിമുകളോ സംഘടിപ്പിക്കുന്നവർക്ക് നടപടികളെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾ വീടുകൾക്കുളളിൽ കഴിയുന്നതിനാൽ രാത്രികാലങ്ങളിലുണ്ടാവുന്ന നിശ്ബദതയും ഇരുളും ആരോ ഒരാളിലുണ്ടാക്കിയ മായക്കാഴ്ചയും വിഭ്രമവുമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് മാനസിക വിദഗ്ധർ അഭിപ്രായപ്പെടുന്നതായി വാർത്താക്കുറപ്പിൽ പറയുന്നു. ഇത്തരം പ്രചാരണങ്ങൾ ഉണ്ടാക്കിയ പശ്ചാത്തലം മുതലെടുത്ത് ചിലർ വിപുലമായ പ്രചാരണം നടത്തുന്നുമുണ്ട്. തിരച്ചിൽ നടത്തുന്ന നാട്ടുകാരോ, രാത്രി ഡ്യൂട്ടിയിലുളള പോലീസോ ഇത്തരമൊരു ജീവിയെ കണ്ടിട്ടില്ല. അഭ്യൂഹം മാത്രമാണത്. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
അതേസമയം, കുന്നംകുളത്തെ നാട്ടുകാരെ ഭയപ്പെടുത്തി നടക്കുന്ന ഏഴടി ഉയരമുള്ള അജ്ഞാതരൂപം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമായി. കരുളായിയില്‍ വീട്ടു സാധനങ്ങള്‍ മോഷ്ടിച്ചയാളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടില്‍ അജ്ഞാതന്‍ ഇറങ്ങി എന്ന പേരില്‍ വീഡിയോ പ്രചരിച്ചിരുന്നു
എന്നാല്‍ ദൃശ്യങ്ങളില്‍ പ്രത്യേകമായി എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥ ദൃശ്യത്തില്‍ സാധാരണ ഉയരമുള്ള ആളാണ് ഉള്ളത്. മാത്രവുമല്ല അജ്ഞാത രൂപത്തിന്റെ ദൃശ്യം ഒരു സിസിടിവി കാമറയിലും മൊബൈല്‍ ഫോണിലും ഇല്ല. കാമറയ്ക്ക് മുന്നില്‍ ആളെ പറ്റിച്ച് കാഴ്ചക്കാരെ രസിപ്പിക്കുന്ന പ്രാങ്ക് പരിപാടി ആണെന്നാണ് പോലിസ് സംശയിക്കുന്നത്. ഇത്തരം വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
Post Your Comments