
റായ്പുര്‍ : ലോക്ഡൗണിനിടെ പിറന്നത് ഇരട്ട കുട്ടികള്‍. പെണ്‍കുഞ്ഞിന് ‘കൊറോണ’യെന്നും ആണ്‍കുഞ്ഞിന് ‘കോവിഡെ’ന്നും പേരു നല്‍കി ദമ്പതികള്‍. കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മയാണ് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് റായ്പുര്‍ സ്വദേശിനികള്‍ക്ക് ഡോ. ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇരട്ടകള്‍ പിറന്നത്.
മാര്‍ച്ച് 26ന് രാത്രിയാണ് തനിക്ക് പ്രസവവേദന അനുഭവപ്പെട്ടതെന്നും ഭര്‍ത്താവ് വളരെ ബുദ്ധിമുട്ടി ആംബുലന്‍സ് സംഘടിപ്പിച്ചപ്പോള്‍ ലോക്ഡൗണ്‍ കാരണം റോഡുകളില്‍ വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് തടയുകയും എന്നാല്‍ തന്നെ കണ്ടപ്പോള്‍ അവര്‍ വിട്ടയക്കുകയുമായിരുന്നു എന്നും പ്രീതി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തി. ലോക്ഡൗണ്‍ കാരണം ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ സാധിച്ചില്ലെന്നും പ്രീതി പറഞ്ഞു.
ഇത്തരത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ട ശേഷമാണ് പ്രസവം നടന്നത്. അതിനാല്‍ ആ ദിവസംഎന്നും ഓര്‍ക്കണം എന്ന് ആഗ്രഹിച്ചു. വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. എന്നാല്‍ ഈ വൈറസ് ആളുകളെ ശുചിത്വമുള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ ശീലിക്കാന്‍ പഠിപ്പിച്ചുവെന്നും അതിനാല്‍ ഈ പേരുകള്‍ നല്‍കുകയായിരുന്നുവെന്നും പ്രീതി വര്‍മ്മ പറഞ്ഞു.
Post Your Comments