ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കൊവിഡ് മരണം, 5000 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ അമേരിക്കയിലാണുള്ളത്.ആറ് ആഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 884 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,113 ആയി. 215,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. 47,500ഓളം പേര്‍ക്ക് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചു.
1,300 ലേറെ ന്യൂയോര്‍ക്ക് സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായി.ന്യൂയോര്‍ക്കില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സില്‍ വൈറസ് ബാധ ഗുരുതരമായിരിക്കുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും മറ്റ് അവശ്യ വൈദ്യസജ്ജീകരണങ്ങളുടെയും എണ്ണം കുറഞ്ഞുവരികയാണ്. അമേരിക്കയിലെ പല പ്രാദേശിക ഭരണകൂടങ്ങളും മാസ്‌ക്, ഗ്ലൗസ്, വെന്റിലേറ്റര്‍ തുടങ്ങിയവയ്ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി ആശങ്കയറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ യു.എസില്‍ കൊവിഡ് ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാത്രം 2.1 ദശലക്ഷം മാസ്കുകളും 100,000 സര്‍ജിക്കല്‍ ഗൗണുകളും 400 വെന്റിലേറ്ററുകളും വേണം. രോഗം കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ആശുപത്രികളില്‍ രോഗികള്‍ക്കായി 65,000 കിടക്കകള്‍ വേണ്ടി വരുമെന്നാണ് നിഗമനം. ദിനംപ്രതി സ്ഥിതി വഷളാകുന്നതോടുകൂടി ഇറ്റലിയുടെ അതേ പാതയിലേക്കാണോ അമേരിക്ക കടക്കുന്നതെന്ന ആശങ്കയിലാണ് ലോകം.13,000ത്തിലേറെ പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ചെറിയ അപ്പാര്‍ട്ടുമെന്റുകളിലായി തിങ്ങി താമസിക്കുന്ന ഇവര്‍ക്കിടയില്‍ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുക എന്നത് ശ്രമകരമാണ്. 240,000ത്തോളം ജനങ്ങള്‍ യു.എസില്‍ മരിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറുകള്‍ക്കുള്ളില്‍ രോഗികള്‍ മരിച്ചു വീഴുന്നതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ആശുപത്രികള്‍ക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ശീതികരിച്ച ട്രക്കുകളിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ട്രക്കുകള്‍ നിറഞ്ഞ് കവിയുന്ന കാഴ്ചകളാണ് കാണാനാകുന്നത്. ന്യൂ ഓര്‍ലിയന്‍സ്, ഫ്ലോറിഡ, ജോര്‍ജിയ, മിസിസിപ്പി സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.
Post Your Comments