KeralaLatest NewsNews

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 3 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം• കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, 2020-21 വര്‍ഷത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍, രോഗികള്‍ക്ക് ചികിത്സാ സഹായം തടസമില്ലാതെ ലഭ്യമാക്കുന്നതിനായി നിലവിലെ കാസ്പ് പദ്ധതി 2020 ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിലവിലെ നിബന്ധനകളും വ്യവസ്ഥകളും പാക്കേജ് നിരക്കുകളും അനുസരിച്ചാണ് പദ്ധതി തുടരുകയെന്നും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതല്‍ മാര്‍ച്ച് മാസം വരെ 41.63 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. പദ്ധതിയില്‍ അംഗങ്ങളായ അകെ കുടുംബങ്ങളില്‍ 21.88 ലക്ഷം കുടുബങ്ങള്‍ക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവന്‍ പ്രീമിയം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

നാളിതുവരെ 9.59 ലക്ഷം ക്ലെയിമുകളിലായി 662.27 കോടി രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുത്ത സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 402 ആശുപത്രികളില്‍ പദ്ധതി സേവനം ലഭ്യമാണ്. അതില്‍ 188 സര്‍ക്കാര്‍ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണുള്ളത്.

ഒരു കുടുബത്തിന് ഒരു വര്‍ഷത്തില്‍ 5 ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. രാജ്യത്തിലെ തന്നെ ഏറ്റവുമധികം രോഗികള്‍ക്ക് ഈ പദ്ധതിയനുസരിച്ച് ചികിത്സാ സഹായം നേടിക്കൊടുത്ത 6 ആശുപത്രികളും കേരളത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒന്നാം സ്ഥാനത്തും കോട്ടയം മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button