കൊച്ചി : ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി. ഉത്തരവ് കേരള ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു.ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും ഇതോടൊപ്പം സ്റ്റേ ചെയ്തിട്ടുണ്ട്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചു. സ്റ്റേ ചെയ്താൽ കൂടുതൽ പേർ മരിക്കുമെന്ന വാദം തള്ളി. ഉത്തരവിന്റ പ്രസക്തിയിൽ സംശയം ഉന്നയിച്ച കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു. ഡോക്ടർമാർ കുറിച്ച് നൽകില്ലെങ്കിൽ ഈ ഉത്തരവിന്റെ പ്രസക്തിയെന്തെന്നു കോടതി ചോദിച്ചു.
ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്ന സർക്കാരിന്റെ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ ആണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും സമീപിച്ചതോടെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. സർക്കാർ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടർമാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവർക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നൽകുക എന്നതല്ല അതിനുള്ള പരിഹാരം തുടങ്ങിയ വാദങ്ങൾ അംഗീകരിച്ചാണ് കോടതി വിധി പറഞ്ഞത്.
ലോക്ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആറു പേർ ആത്മഹത്യ ചെയ്തതോടെയാണ് മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പിൻമാറ്റ ലക്ഷണമുണ്ടെന്നും മദ്യം നൽകാമെന്നും വ്യക്തമാക്കുന്ന സർക്കാർ ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്സൈസ് ഓഫീസുകളിൽ നിന്ന് പാസ് അനുവദിക്കാനാണ് തീരുമാനിച്ചത്. ഇതോടൊപ്പം പാസ് ഉള്ളവർക്ക് ജീവനക്കാർ വീട്ടിൽ മദ്യം എത്തിച്ചു നൽകുകയും സർവീസ് ചാർജായി നൂറു രൂപ ഈടാക്കുകയും ചെയ്യാമെന്ന് ബെവ്കോ മാർഗനിർദേശവും പുറത്തിറക്കിയിരുന്നു. ഈ രണ്ട് ഉത്തരവുകളുമാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണ് ഇത്തരമൊരു തീരുമാനമെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികൾ, ഇത് അനുവദിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്.
Post Your Comments