കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്പളവും കൂടെ പോകുമ്പോള്‍ ഖജനാവ് കാലിയാകും എന്നതില്‍ സംശയമില്ല. ഈ ഒരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പൂര്‍ണ ശമ്പളം നല്‍കേണ്ടതില്ലെന്നാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ പറയുന്നത്.
പോലീസ്, ആരോഗ്യം, തുടങ്ങി ദുരന്തകാലത്തും പതിവുപോലെ പ്രവര്‍ത്തിച്ച ആളുകള്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കിയാല്‍ മതിയെന്നും ബാക്കി ശമ്പളം പിന്നീട് ധനസ്ഥിതി മെച്ചപ്പെടുന്ന സമയത്ത് നല്‍കാമെന്നും അദ്ദേഹം പറയുന്നു. ഒന്നും കയ്യിലില്ലാത്ത ബഹുഭൂരിപക്ഷം മനുഷ്യര്‍ ഉള്ള നാട്ടില്‍ ചിലര്‍ വീട്ടിലിരുന്ന് പൂര്‍ണ്ണ ശമ്പളം വാങ്ങുന്നതിനോട് യോജിപ്പില്ലെന്നും വാങ്ങുന്നവര്‍ ആ തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനുള്ള മനസ് എങ്കിലും കാണിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ശമ്പളം മുഴുവന്‍ കൊടുക്കണോ?
ഏറ്റവുമധികം സാമൂഹിക സുരക്ഷിതത്വമുള്ള വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും.
മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂര്‍ണ്ണ ശമ്പളം കൊടുക്കുന്നത് നീതിയാണോ?
പോലീസ്, ആരോഗ്യം, തുടങ്ങി ദുരന്തകാലത്തും പതിവുപോലെ പ്രവര്‍ത്തിച്ച ആളുകള്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കിയാല്‍ മതി എന്നാണ് എന്റെയഭിപ്രായം. ബാക്കി ശമ്പളം പിന്നീട് ധനസ്ഥിതി മെച്ചപ്പെടുന്ന സമയത്ത് നല്‍കാം. പ്രതിമാസം നിശ്ചിത തുകയ്ക്ക് (ഉദാ: 30,000 രൂപ) മുകളില്‍ ശമ്പളമോ പെന്‍ഷനോ ഉള്ളവര്‍ക്ക് അത് ഇപ്പോള്‍ നല്‍കില്ലെന്ന് തീരുമാനിക്കണം.
ഒന്നും കയ്യിലില്ലാത്ത ബഹുഭൂരിപക്ഷം മനുഷ്യര്‍ ഉള്ള നാട്ടില്‍ ചിലര്‍ വീട്ടിലിരുന്ന് പൂര്‍ണ്ണ ശമ്പളം വാങ്ങുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. വാങ്ങുന്നവര്‍ ആ തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനുള്ള മനസ് എങ്കിലും കാണിക്കണം.
അങ്ങനെ മിച്ചം കിട്ടുന്ന പണം സമ്പൂര്‍ണ്ണ വരുമാന നഷ്ടമുണ്ടായ വിഭാഗങ്ങള്‍ക്ക് ചെറിയ തുകയായി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. അവര്‍ വഴിയും ഇക്കണോമിയില്‍ താഴെത്തട്ടില്‍ പണം വരട്ടെ.
(3000 കോടിയിലധികം ദുരിതാശ്വാസ നിധി ചെലവാക്കിയതില്‍, ഉദ്യോഗസ്ഥര്‍ വഴി ഏതോ ചില CPM നേതാവ് തട്ടിയ 20 ലക്ഷത്തിന്റെ കണക്കും കൊണ്ട് വരണ്ട. മനുഷ്യര്‍ പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തേത് സിസ്റ്റത്തിലും 0.01% കുഴപ്പമുണ്ടാകും. ഇവിടെ തട്ടിപ്പ് അതിലും താഴെയാണ്. അത് പിടിക്കലും ശിക്ഷിക്കലും ആണ് പ്രധാനം)
എന്ന്,
റിലീഫ് ഫണ്ടില്‍ സംഭാവന നല്‍കിയ ഒരു പൗരന്‍.
Post Your Comments