മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നിര്‍ബന്ധമായും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന ധ്വനിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സ്ഫുരിക്കുന്നത്. സാമ്പത്തിക പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നവരെ എന്തിന്റെ പേരിലായാലും ഈയവസരത്തില്‍ ദ്രോഹിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് സാലറിചലഞ്ചിന്റെ പേരില്‍ പിഴിയരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Read also: കോവിഡ് 19 പ്രതിരോധം, ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
രാജ്യം മുഴുവൻ കൊവിഡിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതുയർത്തുന്ന സാമൂഹിക വെല്ലുവിളി പോലെ തന്നെ ഭയാനകമാണ് സാമ്പത്തികവെല്ലുവിളിയും. അത് മറികടക്കാൻ നമുക്ക് ഊർജ്ജിതശ്രമങ്ങൾ നടത്തേണ്ടതുണ്ട്. എന്നുകരുതി സർക്കാർ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് സാലറിചലഞ്ചിന്റെ പേരിൽ പിഴിയരുത്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നിർബന്ധമായും സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന ധ്വനിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്ഫുരിക്കുന്നത്. സാമ്പത്തിക പരാധീനതകളാൽ വീർപ്പുമുട്ടുന്നവരെ എന്തിന്റെ പേരിലായാലും ഈയവസരത്തിൽ ദ്രോഹിക്കുന്നത് ശരിയല്ല. വിഷയത്തിൽ സർവീസ് സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി സർക്കാർ മുഖവിലയ്‌ക്കെടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന നൽകാം. അതൊരിക്കലും അടിച്ചേൽപ്പിക്കലോ സമ്മർദ്ദത്തിലൂടെയോ ആകരുത്. ഓരോരുത്തർക്കും കഴിവുള്ളതുപോലെ പണം സംഭാവന നൽകാനോ, നൽകാതെ മാറിനിൽക്കാനോ ഉള്ള സാഹചര്യം ഒരുക്കണം.
കഴിഞ്ഞ പ്രളയകാലത്ത് സാലറിചലഞ്ചിന്റെ പേരിൽ സർക്കാർ കാട്ടിക്കൂട്ടിയ വിക്രിയകൾ ജീവനക്കാരുടെ മനസിൽ നീറുന്ന കനലായി ഇപ്പോഴുമുണ്ട്. സ്ഥലംമാറ്റ ഭീഷണി പോലും മുഴക്കിയാണ് പലരെയും നിർബന്ധിച്ച് സാലറി ചലഞ്ചിൽ പങ്കെടുപ്പിച്ചത്. എന്നിട്ടും മാറിനിന്നവരോട് പലതരത്തിലുള്ള പ്രതികാര നടപടികൾ സർക്കാർ കൈക്കൊണ്ടു. ഇത് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നു. പിരിച്ച തുക വകമാറ്റി ചെലവഴിച്ചതും സമീപ കാല ചരിത്രമാണ്.പ്രളയബാധിതര്‍ക്ക് വേണ്ടി കെഎസ്ഇബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോഴാണ് തിരിച്ചടച്ചത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി
ആവർത്തിക്കരുത്. കൊവിഡ് ഭീതിയിൽ കഴിയുന്ന സാമാന്യജനസമൂഹത്തിന് അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല!
Post Your Comments