KeralaLatest NewsNews

എത്ര പെട്ടെന്നാണ് പുതിയൊരു ആവശ്യത്തോട് പ്രാദേശികമായി നമുക്ക് പ്രതികരിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്

സ്‌നേഹജാലകം ജനകീയ ഭക്ഷണശാലയില്‍ നിന്നും മാരാരിക്കുളം വിശപ്പുരഹിതം അടുക്കളയില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഭക്ഷണ വിതരണം തുടങ്ങിയതായി മന്ത്രി തോമസ് ഐസക്. ചപ്പാത്തി, പരിപ്പ് / ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്. ഇത്രയും ഒരു ഭക്ഷണപ്പൊതിയില്‍ ഉണ്ടാകുമെന്നും ഫോണ്‍ ചെയ്തു പറഞ്ഞാല്‍ ക്യാമ്പുകളില്‍ ഈ ഭക്ഷണപ്പൊതികള്‍ എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എത്ര പെട്ടെന്നാണ് പുതിയൊരു ആവശ്യത്തോട് പ്രാദേശികമായി നമുക്ക് പ്രതികരിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്. പകര്‍ച്ചവ്യാധിക്കാലത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നത് വലിയൊരു ജനകീയ പ്രസ്ഥാനമായി പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ മാറിയിട്ടുണ്ട്. പഞ്ചായത്തിന്റെ പണം ഉപയോഗിച്ചുകൊണ്ടു മാത്രമല്ല, എത്രയോ മടങ്ങ് സംഭാവന വഴിയും സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും സമാഹരിക്കാന്‍ കഴിയുന്നു. സ്വാഭാവികമായി ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തീരുമാനിച്ചിരുന്ന പലതിലും മാറ്റവും വന്നിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ചപ്പാത്തി, പരിപ്പ് / ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്. ഇത്രയും ഒരു ഭക്ഷണപ്പൊതിയില്‍. അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. സ്‌നേഹജാലകം ജനകീയ ഭക്ഷണശാലയില്‍ നിന്നും മാരാരിക്കുളം വിശപ്പുരഹിതം അടുക്കളയില്‍ നിന്നും ഇന്നു മുതല്‍ അവര്‍ക്ക് നല്‍കിത്തുടങ്ങി. ഈ അടുക്കളയുമായി ബന്ധപ്പെട്ട ജനകീയ ഹോട്ടലുകളില്‍ നിന്നും ഇവ ലഭ്യമാകും. ഫോണ്‍ ചെയ്തു പറഞ്ഞാല്‍ ക്യാമ്പുകളില്‍ ഈ ഭക്ഷണപ്പൊതികള്‍ എത്തിച്ചുകൊടുക്കും.

എത്ര പെട്ടെന്നാണ് പുതിയൊരു ആവശ്യത്തോട് പ്രാദേശികമായി നമുക്ക് പ്രതികരിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്. പകര്‍ച്ചവ്യാധിക്കാലത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നത് വലിയൊരു ജനകീയ പ്രസ്ഥാനമായി പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ മാറിയിട്ടുണ്ട്. പഞ്ചായത്തിന്റെ പണം ഉപയോഗിച്ചുകൊണ്ടു മാത്രമല്ല, എത്രയോ മടങ്ങ് സംഭാവന വഴിയും സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും സമാഹരിക്കാന്‍ കഴിയുന്നു. സ്വാഭാവികമായി ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തീരുമാനിച്ചിരുന്ന പലതിലും മാറ്റവും വന്നിട്ടുണ്ട്. ഉദാഹരണത്തിന് ആലപ്പുഴ മണ്ഡലത്തിലെ സ്ഥിതി നോക്കൂ.

ആലപ്പുഴ മണ്ഡലത്തില്‍ ഇപ്പോള്‍ മൊത്തം 4200 ഊണുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഇതില്‍ മുഖ്യമായും നാല് ഏജന്‍സികളാണ് സംഭാവന ചെയ്തിട്ടുള്ളത്. ഒന്ന്, അവിടുത്തെ പാലിയേറ്റീവ് സംഘടനകളായ സ്‌നേഹജാലകത്തിന്റെയും കൃഷ്ണപിള്ള ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലുള്ള ജനകീയ അടുക്കളകള്‍. രണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേരിട്ട് തുടങ്ങിയിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍. മൂന്ന്, കുടുംബശ്രീയുടെ നേരിട്ടുള്ളവയോ ആദ്യം പറഞ്ഞ അടുക്കളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളോ. നാല്, അത്താഴക്കൂട്ടം പോലുള്ള മറ്റു സന്നദ്ധസംഘടനകള്‍.

മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളുടെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് മൊത്തം 1335 ഊണുകള്‍ സൗജന്യമായി നല്‍കുകയുണ്ടായി. മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണിന്റെ പകുതി ആലപ്പുഴ മണ്ഡലത്തിന്റേതായി കണക്കാക്കിയാല്‍ ഇവരും 500 ഓളം ഊണ് സൗജന്യമായി നല്‍കിയിട്ടുണ്ട്. അങ്ങനെ 1835 ഊണുകള്‍.

സ്‌നേഹജാലകത്തിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് 550 ഊണും 400 പ്രാതല്‍ – അത്താഴ പാക്കറ്റുകളും ഇന്നലെ വിതരണം ചെയ്യുകയുണ്ടായി. ഇതില്‍ 80 ഊണുകള്‍ അഗതികള്‍ക്ക് വീടുകളില്‍ എത്തിക്കുന്നവയാണ്. ബാക്കി മുഴുവന്‍ ജനകീയ ഭക്ഷണശാലയില്‍ നിന്ന് പാക്കറ്റുകളായി നല്‍കിയിട്ടുള്ളവയാണ്. ഇവ മുമ്പെന്നപോലെ ഇപ്പോഴും സൗജന്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് സംഭാവനപ്പെട്ടിയില്‍ ഇടുന്നതിന് പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ഇവരുടേത്.

വിശപ്പുരഹിത മാരാരിക്കുളം ജനകീയ അടുക്കളയില്‍ നിന്ന് 1356 ഊണുകള്‍ വിതരണം ചെയ്തു. ഇതില്‍ 375 ഊണുകള്‍ അഗതികള്‍ക്കു വീടുകളില്‍ നേരിട്ട് രണ്ടു വര്‍ഷമായി സൗജന്യമായി എത്തിച്ചുകൊണ്ടിരിക്കുന്നവയാണ്. 211 ഊണുകള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വിതരണം ചെയ്തു. പിന്നെ, മണ്ണഞ്ചേരിയിലും ആലപ്പുഴ മെഷീന്‍ ഫാക്ടറിയിലുമുള്ള കുടുംബശ്രീയുടെ ഭക്ഷണശാലകള്‍ക്ക് 570 ഊണുകള്‍ നല്‍കി. ഇതില്‍ 80 ശതമാനത്തിലേറെ 20 രൂപ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്തത്. ഇതിനു പുറമേ മണ്ണഞ്ചേരി പഞ്ചായത്തിന്റെ സൗജന്യഭക്ഷണശാലയ്ക്ക് 200 ഓളം ഊണുകളും നല്‍കിയിട്ടുണ്ട്.

കുടുംബശ്രീ യൂണിറ്റ് സ്വതന്ത്രമായി നടത്തുന്നവയാണ് ആലപ്പുഴ പട്ടണത്തിലെ സുഭിക്ഷ. 350 ഊണാണ് 20 രൂപ വിലയ്ക്ക് നല്‍കിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ മണ്ണഞ്ചേരിയിലെയും മെഷീന്‍ ഫാക്ടറിയിലെയും ജനകീയ ഹോട്ടലുകള്‍ വിശപ്പുരഹിത ജനകീയ അടുക്കളയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത്താഴക്കൂട്ടം പോലുള്ള സംഘടനകളാകട്ടെ തെരുവിലെയും മറ്റും അഗതികള്‍ക്ക് ഒത്തിരിനാളായി ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. ആ പ്രവര്‍ത്തനം അവര്‍ ഇപ്പോഴും തുടരുന്നു.

കേരളത്തില്‍ മാര്‍ച്ച് 30 വരെ 1304 അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ 1072 ഉം കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനവും സംയുക്തമായി നടത്തുന്നവയാണ്. ഇന്നലെ 2.37 ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഇതില്‍ 90 ശതമാനവും സൗജന്യമായിരുന്നു. ഈ വാരാന്ത്യം ആകുമ്പോഴേയ്ക്കും ഇത് 5 ലക്ഷം കവിയും. ഇതാണ് കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button