
ന്യൂഡൽഹി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും പൊലീസ് സംഘവും. സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 കുടുംബങ്ങള്‍ക്ക് ആണ് സംഘം ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചു നൽകിയത്.
ജോലി തേടി ഇന്ത്യയില്‍ എത്തി ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരാണ് എല്ലാവരും. ഡല്‍ഹിയിലെ മജ്‍ലിസ് പാര്‍ക്കിലാണ് അവര്‍ തമ്പടിച്ചിരിക്കുന്നത്. ജോലിയില്ലാതെയും യാത്ര ചെയ്യാനാവാതെയും മരണം മുന്നില്‍ക്കണ്ട ഇവര്‍ക്കുമുന്നില്‍ ദൈവദൂതരെപ്പോലെ അവതരിക്കുകയായിരുന്നു വിജയന്ത ആര്യ എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലെത്തിയ പൊലീസുകാര്‍.
ലോക്ഡൗണ്‍ നിലനില്‍ക്കുന്ന 21 ദിവസവും ഭക്ഷണം മുടക്കമില്ലാതെ കൊടുക്കാമെന്നും വിജയന്ത പാക്ക് സ്വദേശികള്‍ക്ക് ഉറപ്പുകൊടുത്തിരിക്കുകയാണ്. നൂറുകണക്കിനു കുടുംബങ്ങള്‍ മജ്‍ലിസ് പാര്‍ക്കില്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്നും പട്ടിണിയാണെന്നും അറിഞ്ഞാണ് ഞങ്ങള്‍ എത്തുന്നത്. അങ്ങേയറ്റം ദയനീയമായിരുന്നു ഇവരുടെ ജീവിതം. ഉടന്‍ തന്നെ അവര്‍ക്കുവേണ്ട എല്ലാ വസ്തുക്കളും എത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
കോവിഡിനെതിരായ പോരാട്ടം ഒറ്റയ്ക്കൊറ്റയ്ക്കല്ല, ഒരുമിച്ചാണു വേണ്ടതെന്നാണ് വിജയന്ത പറയുന്നത്. ഒരു രാജ്യം ഒറ്റക്കെട്ടായി നീങ്ങിയാല്‍ ഏതു മഹാമാരിയെയും പരാജയപ്പെടുത്താം.ഡല്‍ഹി പൊലീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് നെഹ്റു ലാല്‍ എന്ന പാക്ക് അഭയാര്‍ഥി പറയുന്നത്.
Post Your Comments