തിരുവനന്തപുരം: റേഷൻ കടകളിലൂടെ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സൗജന്യ അരി വിതരണത്തിന് സാമൂഹിക അകലം പാലിക്കണമെന്ന് മന്ത്രി പി. തിലോത്തമന്. ഒരു സമയം അഞ്ച് പേരെ മാത്രമാകും സാമൂഹിക അകലം പാലിച്ചു സാധനം വാങ്ങാന്‍ അനുവദിക്കുക. ഇക്കാര്യം നിയന്ത്രിക്കാന്‍ ജനപ്രതിനിധികളുടെ സഹായം തേടും.
87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം നടത്തും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് 20ന് അരി വിതരണം നടത്തും. 20നു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യധാന്യ വിതരണം. രാവിലെ മുതല്‍ ഉച്ചവരെ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കും ഉച്ച കഴിഞ്ഞ് നീല, വെള്ള കാര്‍ഡുകാര്‍ക്കും 14,250 റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും.
പിങ്ക് കാര്‍ഡുകള്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി ലഭിക്കും. നീല, വെള്ള കാര്‍ഡുകാര്‍ക്ക് കുറഞ്ഞത് 15 കിലോ വീതം ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡുകാര്‍ക്ക് അത് ലഭിക്കും. മഞ്ഞ കാര്‍ഡുകാര്‍ക്ക് 35 കിലോ ധാന്യം തുടര്‍ന്നും ലഭിക്കും.
ചരക്ക് വരവ് കുറഞ്ഞതിനാല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് താമസമുണ്ടാകും. പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ ലഭിക്കാനാണു പ്രയാസം. ചെറുപയര്‍, കടല, തുവരപരിപ്പ്, ഉഴുന്ന് എന്നിവക്ക് നാഫെഡിനെ സമീപിച്ചിട്ടുണ്ട്. ആവശ്യമില്ലെന്ന് സ്വയം വെളിപ്പെടുത്തുന്നവരെയും 25,000 രൂപക്ക് മുകളില്‍ വരുമാനമുള്ളവരെയും നികുതിദായകരെയും സൗജന്യകിറ്റില്‍ നിന്ന് ഒഴിവാക്കും. കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും കിറ്റ് നല്‍കും. സൗജന്യ അരി വിതരണത്തിന് 120 കോടിയും സൗജന്യ കിറ്റ് വിതരണത്തിന് 750 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments