കൊറോണ വൈറസ് രോഗം- കോവിഡ് 19 ന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെ ഡോ. ജിനേഷ് പി.എസ് രംഗത്ത്. കോവിഡ് 19 ചികിത്സയ്ക്കായി ഫലപ്രദമായ ഒരു ആന്റിവൈറൽ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും അറിയിക്കുന്നത്. സി ഡി സി യും മറിച്ചൊരഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും കണ്ടുപിടുത്തം നടന്നാൽ അവർ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിൻറെ പല ഭാഗങ്ങളിലും ഗവേഷണം നടക്കുന്നുണ്ട്. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ജർമനി അങ്ങനെ നിരവധി രാജ്യങ്ങളിൽ ഗവേഷണം നടക്കുന്നുണ്ട്. പുതിയ മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മുൻപ് ഉപയോഗത്തിലുള്ള പല ആൻറിവൈറൽ മരുന്നുകളും എന്തുമാത്രം ഫലപ്രദമാകും എന്ന് ഗവേഷണം നടക്കുന്നുണ്ട്.പുതിയ ഒരു മരുന്നാണെങ്കിൽ അത് മനുഷ്യരിൽ ഉപയോഗിക്കുന്നതിനു മുൻപ് പല ഘട്ടങ്ങളിൽ ഉള്ള ഗവേഷണങ്ങൾ/നിരീക്ഷണങ്ങൾ വിജയിക്കേണ്ടതുണ്ട്.
എവിടെയെങ്കിലും ഒന്നോരണ്ടോ സ്ഥലങ്ങളിൽ കുറച്ചുപേർക്ക് അസുഖം സുഖമായി എന്നു കരുതി മരുന്നുകൾ ഫലപ്രദമാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. വളരെയധികം പേരിൽ മരുന്നുകൾ നൽകുന്ന ഫലത്തിൻറെ അടിസ്ഥാനത്തിൽ മാത്രമേ ഉറപ്പിക്കാൻ ആവൂ.
അസുഖത്തിന് ഒരു മരുന്നും ഇല്ല എന്നല്ല പറഞ്ഞത്. ചികിത്സയില്ല എന്നുമല്ല പറഞ്ഞത്. ചികിത്സയുണ്ട്, പലപ്പോഴും പല മരുന്നുകളും നൽകുകയും വേണം. അങ്ങനെയാണ് ലോകത്ത് ഒരു ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇപ്പോഴുള്ളതിനേക്കാൾ എത്രയോ കൂടുമായിരുന്നു ! കോവിഡ് 19 എന്ന അസുഖത്തിന് എതിരായ ഒരു പ്രത്യേക ആൻറിവൈറൽ മരുന്ന് നിർദ്ദേശിക്കപ്പെട്ടിട്ടില്ല എന്ന് മാത്രമാണ് പറഞ്ഞത്. അതുകൊണ്ട് ലോകാരോഗ്യ സംഘടനയും സി ഡി സി യും പറയാത്ത മരുന്നുകളുണ്ട് എന്ന തരത്തില്‍ വാർത്ത പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍ ജിനേഷ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
ഡോ.ജിനേഷ് പി.എസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
“കോവിഡ് 19 – ഫലമായ മരുന്ന് കണ്ടെത്തി” എന്നെഴുതിയ പല പോസ്റ്റുകളും വാർത്തകളും കാണുന്നുണ്ട്. അതിനു താഴെ ആരെങ്കിലും ടാഗ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്താണ് അഭിപ്രായം എന്ന് ചോദിക്കുന്നുണ്ട്.
കോവിഡ് 19 ചികിത്സയ്ക്കായി ഫലപ്രദമായ ഒരു ആന്റിവൈറൽ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും അറിയിക്കുന്നത്. സി ഡി സി യും മറിച്ചൊരഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും കണ്ടുപിടുത്തം നടന്നാൽ അവർ അറിയിക്കും.
“അപ്പോൾ ഒരു രോഗിയിൽ HIV ക്കുള്ള മരുന്ന് കൊടുത്ത് ഫലപ്രദമായി എന്ന് പറയുന്നതോ ?” ഇതാണ് പലരും ചോദിക്കുന്ന ചോദ്യം.
ലോകത്ത് ഇതുവരെ 1,14,000 ലധികം പേർ അസുഖം സ്ഥിരീകരിച്ച ശേഷം ചികിത്സയിലൂടെ രോഗമുക്തി നേടി. ചിലർക്ക് സപ്പോർട്ടീവ് കെയർ മാത്രമേ വേണ്ടി വന്നുള്ളൂ. എന്നുകരുതി സപ്പോർട്ട് കെയർ മാത്രം മതി എന്ന് പറഞ്ഞാൽ ശരിയാകുമോ ?
സങ്കീർണതകൾ ഇല്ലാത്ത ചിലർക്ക് ചിലപ്പോൾ പാരസെറ്റമോൾ ഗുളിക മാത്രമേ നൽകിയുള്ളൂ എന്ന് കരുതുക. എന്നുകരുതി പാരസെറ്റമോൾ ഗുളിക മാത്രം മതി എന്ന് പറയാനാകുമോ ?
ചികിത്സ ആവശ്യമായവർക്ക് വെൻറിലേറ്ററും മറ്റു പല മരുന്നുകളും നൽകി എന്ന് കരുതുക. അത് മാത്രമാണ് കൃത്യമായ മരുന്ന് എന്ന് പറയാനാകുമോ ?
ചിലർക്ക് ചില ആൻറി വൈറൽ മരുന്നുകൾ കോമ്പിനേഷൻ ആയി നൽകി എന്ന് കരുതുക. അത് മാത്രം മതി എന്ന് പറയാനാകുമോ ?
ലോകത്തിൻറെ പല ഭാഗങ്ങളിലും ഗവേഷണം നടക്കുന്നുണ്ട്. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ജർമനി അങ്ങനെ നിരവധി രാജ്യങ്ങളിൽ ഗവേഷണം നടക്കുന്നുണ്ട്. പുതിയ മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മുൻപ് ഉപയോഗത്തിലുള്ള പല ആൻറിവൈറൽ മരുന്നുകളും എന്തുമാത്രം ഫലപ്രദമാകും എന്ന് ഗവേഷണം നടക്കുന്നുണ്ട്.
പുതിയ ഒരു മരുന്നാണെങ്കിൽ അത് മനുഷ്യരിൽ ഉപയോഗിക്കുന്നതിനു മുൻപ് പല ഘട്ടങ്ങളിൽ ഉള്ള ഗവേഷണങ്ങൾ/നിരീക്ഷണങ്ങൾ വിജയിക്കേണ്ടതുണ്ട്.
എവിടെയെങ്കിലും ഒന്നോരണ്ടോ സ്ഥലങ്ങളിൽ കുറച്ചുപേർക്ക് അസുഖം സുഖമായി എന്നു കരുതി മരുന്നുകൾ ഫലപ്രദമാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. വളരെയധികം പേരിൽ മരുന്നുകൾ നൽകുന്ന ഫലത്തിൻറെ അടിസ്ഥാനത്തിൽ മാത്രമേ ഉറപ്പിക്കാൻ ആവൂ.
ഉദാഹരണമായി ഒരേ തീവ്രതയുള്ള അസുഖം ഉള്ള 100 പേർ ഉണ്ടെന്നിരിക്കട്ടെ. അതിൽ 50 പേർക്ക് ആ പ്രത്യേക മരുന്നു നൽകിയും 50 പേർക്ക് നൽകാതെയും ഫലം വിലയിരുത്തണം. നൽകിയവരിൽ എന്തുമാത്രം മെച്ചമുണ്ട് എന്ന് നോക്കണം. 100 എന്നത് വളരെ കുറഞ്ഞ സംഖ്യയാണ്. ആയിരക്കണക്കിന് പേരിൽ വ്യത്യാസം അവലോകനം ചെയ്യണം. എങ്കിൽ മാത്രമേ ആ മരുന്ന് ഫലപ്രദമാണോ ഇല്ലയോ എന്ന് പറയാനാകൂ… ഇതൊക്കെ തന്നെ രോഗികളുടെ സമ്മതപത്രം ലഭിച്ച ശേഷം മാത്രമേ ചെയ്യാനാവൂ.
ഇപ്പോൾ ഇന്ത്യയിൽ ICMR നിർദ്ദേശിക്കുന്ന ക്ലോറോക്വിൻ മരുന്നിൻറെ കാര്യത്തിലും തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
ഇതൊരു പുതിയ വൈറസാണ്. മരുന്നുകൾ കണ്ടുപിടിക്കാനും വാക്സിൻ വളർത്തിയെടുക്കാനും ഒക്കെ കുറച്ചു കാലം എടുക്കും.
മരുന്നും വാക്സിനും വേണമെന്ന് നമുക്കെല്ലാവർക്കും ആഗ്രഹമുണ്ട്. അങ്ങനെയുള്ള വാർത്തകളും വിവരങ്ങളും കേൾക്കാൻ നമുക്ക് ആഗ്രഹവുമുണ്ട്. പക്ഷേ ഒന്നോ രണ്ടോ അനുഭവസാക്ഷ്യങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല.
ഒരു കാര്യം കൂടി.. അസുഖത്തിന് ഒരു മരുന്നും ഇല്ല എന്നല്ല പറഞ്ഞത്. ചികിത്സയില്ല എന്നുമല്ല പറഞ്ഞത്. ചികിത്സയുണ്ട്, പലപ്പോഴും പല മരുന്നുകളും നൽകുകയും വേണം. അങ്ങനെയാണ് ലോകത്ത് ഒരു ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇപ്പോഴുള്ളതിനേക്കാൾ എത്രയോ കൂടുമായിരുന്നു ! കോവിഡ് 19 എന്ന അസുഖത്തിന് എതിരായ ഒരു പ്രത്യേക ആൻറിവൈറൽ മരുന്ന് നിർദ്ദേശിക്കപ്പെട്ടിട്ടില്ല എന്ന് മാത്രമാണ് പറഞ്ഞത്.
അതുകൊണ്ട് മാധ്യമങ്ങൾ ഒരുപകാരം ചെയ്യണം. ലോകാരോഗ്യ സംഘടനയും സി ഡി സി യും പറയാത്ത മരുന്നുകളുണ്ട് എന്ന വാർത്ത പ്രചരിപ്പിക്കരുത്. അങ്ങനെ എന്തെങ്കിലും കണ്ടുപിടിത്തങ്ങൾ ഉണ്ടായാൽ അവർ അറിയിക്കും. അതല്ലാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ല താനും…
https://www.facebook.com/jineshps/posts/10157091789188977
Post Your Comments