കോവിഡ് ഭീഷണിയില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. തടവുകാര്‍ക്ക് സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭ്യമാക്കുക, ജയിലിനുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക എന്നിവ രാജ്യത്തെ ജയിലുകളില്‍ നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു.
രാജ്യത്ത് 1339 ജയിലിലായി 4,66,084 തടവുകാരാണുള്ളത്. പരോള്‍ – ജാമ്യ കാലാവധി നാലുമുതല്‍ ആറ് ആഴ്ചവരെയാകാമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഏഴുവര്‍ഷംവരെയുള്ള തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണത്തടവുകാര്‍ക്കുമാണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാന്‍ നിര്‍ദേശം.ഇതേതുടര്‍ന്ന് തിഹാര്‍ ജയിലില്‍നിന്നും തടവുകാരെ താത്കാലികമായി മോചിപ്പിക്കുന്നു. 3000 തടവുകാരെയാണ് മോചിപ്പിക്കുന്നത്.
1500 തടവുകാര്‍ക്ക് പരോളും വിചാരണതടവിലുള്ള 1500 പേര്‍ക്ക് ഇടക്കാലജാമ്യവും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വലിയ കുറ്റം ചെയത് തടവിലായവരെ മോചിപ്പിക്കില്ല.പരോള്‍ സംബന്ധിച്ച് മാനദണ്ഡവും പട്ടികയും തയ്യാറാക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കണം. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനാണ് അധ്യക്ഷന്‍. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ എന്നിവരാണ് അംഗങ്ങള്‍.
വിചാരണത്തടവുകാരെ കോടിതിയില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കണം. തിരക്കൊഴിവാക്കുന്നതിനല്ലാതെ തടവുകാരെ ജയില്‍ മാറ്റേണ്ട. തടവുകാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. തടവുകാരുടെ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്കാണ് സൗകര്യം.
Post Your Comments