കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരിക. ചൈനയില്‍ തുടക്കം കുറിച്ച് കൊറോണ ഇതിനകം 192 രാജ്യങ്ങളിലായി മൂന്നരലക്ഷത്തോളം ജനങ്ങളെ ബാധിച്ചുകഴിഞ്ഞു.നൂറോളം രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെ വിനോദ സഞ്ചാരമേഖല പൂര്‍ണമായും നിശ്ചലമായി. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി.
യൂറോപ്യന്‍ യൂണിയന്‍ മുപ്പത് ദിവസത്തേക്ക് പുറമെ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ചു. ഈ വിലക്ക് 48000 വിമാന സര്‍വീസുകളെയും ഒരു കോടി യാത്രക്കാരെയും ബാധിക്കും.ലോകത്തെ ഒന്നാംനിര കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വിപണികള്‍ എല്ലാം തന്നെ ഗുരുതരമായ തകര്‍ച്ചയാണ് നേരിടുന്നത്. അമേരിക്കയുടെ ഡൗ ജോണ്‍സ്, ജപ്പാന്റെ നിക്കേയി, ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ ഒന്നാംനിര ഓഹരി സൂചികകള്‍ മൂന്നാഴ്ച കൊണ്ട് 30 ശതമാനത്തിലേറെ കൂപ്പുകുത്തി. ഇന്ത്യന്‍ ഓഹരി വിപണിയിലും സ്ഥിതി ഭിന്നമല്ല.
ഓഹരി വിപണി മൂല്യത്തില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഒറ്റയടിക്ക് ചോര്‍ന്നതോടെ നിരവധി പെന്‍ഷന്‍, സമ്പാദ്യ പദ്ധതികള്‍ തകര്‍ച്ച നേരിടുന്നു.ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയുടെ ഫാക്ടറി ഉല്‍പ്പാദനം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു. ചൈനയിലെ പല വന്‍കിട നിര്‍മാണശാലകളും അടഞ്ഞു കിടക്കുകയാണ്. അവരുടെ ഉല്‍പ്പാദനത്തില്‍ 13.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിസാന്‍, ഫോക്‌സ് വാഗന്‍, ഹോണ്ട, ജി.എം. തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കള്‍ അവരുടെ പ്ലാന്റുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്.
ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു; സമരപ്പന്തല്‍ പൊളിച്ചു മാറ്റി
ഇവര്‍ക്കുവേണ്ടി അനുബന്ധഘടകങ്ങള്‍ നിര്‍മിക്കുന്ന ആയിരക്കണക്കിനു ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ സാധാരണയായി സ്വര്‍ണമാണ് ഏറ്റവും സുരക്ഷിത നിക്ഷേപം. മാര്‍ച്ച് തുടക്കം വരെ ഇതുതന്നെയായിരുന്നു സ്ഥിതിയെങ്കിലും ഇപ്പോള്‍ മാന്ദ്യത്തെക്കുറിച്ചുള്ള ആധി രൂക്ഷമായതോടെ സ്വര്‍ണത്തിനും വിലയിടിയുകയാണ്.
ലോക സാമ്പത്തിക വളര്‍ച്ച 2008 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്ന് സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള അന്താരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗുറിയ മുന്നറിയിപ്പ് നല്‍കി. ഇത് എത്രകാലം നീണ്ടു നിൽക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
Post Your Comments