കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പണം തരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിമർശനത്തിന് ചുട്ട മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രം ചെയ്യേണ്ട നടപടികൾ ഓരോന്നായി വ്യക്തമായി ചെയ്യുന്നുണ്ട്. സന്ദീപ് പറഞ്ഞു
കൊറോണ ബാധ പ്രളയം പോലെ ഒരു സംസ്ഥാനത്തെ മാത്രം ബാധിച്ച വിഷയമല്ലെന്ന് സന്ദീപ് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾക്ക് ലോക് ഡൗൺ കൃത്യമായി നടപ്പിലാക്കാനുള്ള നിർദ്ദേശം നൽകി. വിവിധ രാഷ്ട്രങ്ങളിൽ അകപ്പെട്ടിരുന്ന ഇന്ത്യക്കാരെ പരമാവധി തിരിച്ചുകൊണ്ടുവന്നു . അവരെ ഐസൊലേഷനിൽ പ്രത്യേകമായി പാർപ്പിച്ചു’, ഒരോന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കൊറോണ ബാധ പ്രളയം പോലെ ഒരു സംസ്ഥാനത്തെ മാത്രം ബാധിച്ച വിഷയമല്ല. നമ്മുടെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കൊറോണ ഭീഷണിയുണ്ട്. എല്ലാവരും കൈമെയ് മറന്ന് കൊറോണ പടരാതിരിക്കാനുള്ള ശ്രമത്തിലാണ്.
കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രം ചെയ്യേണ്ട നടപടികൾ ഓരോന്നായി വ്യക്തമായി ചെയ്യുന്നുണ്ട്. വിവിധ സംസ്ഥാനങ്ങൾക്ക് ലോക് ഡൗൺ കൃത്യമായി നടപ്പിലാക്കാനുള്ള നിർദ്ദേശം നൽകി. വിവിധ രാഷ്ട്രങ്ങളിൽ അകപ്പെട്ടിരുന്നു ഭാരതീയരെ പരമാവധി തിരിച്ചുകൊണ്ടുവന്നു . അവരെ ഐസൊലേഷനിൽ പ്രത്യേകമായി പാർപ്പിച്ചു.
സാമ്പത്തിക പ്രത്യാഘാതത്തെ കുറിച്ച് കൃത്യമായി അവലോകനം ചെയ്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോടു കൂടിയ ലീവ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി കഴിഞ്ഞു.
ഓരോ ദിവസവും കൃത്യമായ അവലോകനം നടത്തി സമസ്ത മേഖലകളിലും കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. സ്വകാര്യമേഖലയിലെ ചില ലാബുകൾക്ക് ടെസ്റ്റിംഗ് അനുമതി, ഇന്ത്യയിൽ നിർമ്മിച്ച ടെസ്റ്റിംഗ് കിറ്റുകൾക്ക് അടിയന്തര അനുമതി.. അങ്ങനെ നമ്മുടെ രാജ്യം അവിരാമം പോരാട്ടം തുടരുകയാണ്.
ബിജെപി വിരുദ്ധ ചേരിയിൽ ഉള്ള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സ്വന്തം സഹോദരിയെ കോവിഡ് നിരീക്ഷണത്തിൽ ഇരുത്തി മാതൃകയായതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോൺഗ്രസ് തുടങ്ങിയ ഇന്ദിരാ കാൻറീനിലൂടെ ഭക്ഷണ വിതരണം കാര്യക്ഷമമാക്കാൻ കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിച്ചു . ഉത്തർപ്രദേശ് സർക്കാർ ദിവസക്കൂലികാർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൊടുക്കാൻ തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളും അവരവർ ചെയ്യേണ്ട പണി ചെയ്യുന്നു.
എന്നാൽ ഇവിടെ കേരളത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക് ഉളുപ്പില്ലാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ്. കേന്ദ്രം പണം തരുന്നില്ല പോലും. നിങ്ങൾ ഇരുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ . ആദ്യം അതൊന്നു കൊടുത്തു തീർക്ക് . കേന്ദ്ര സർക്കാരാണോ സംസ്ഥാന സർക്കാരാണോ വായ്ത്താളം നടത്തുന്നത് എന്ന് പൊതു ജനം തിരിച്ചറിയട്ടെ. പ്രളയകാലത്ത് കേന്ദ്രം കൊടുത്ത പണത്തിന്റെ കണക്ക് ഈ പ്രതിസന്ധിഘട്ടത്തിൽ ചോദിക്കുന്നില്ല.
ആയുർവേദ ചികിത്സയ്ക്ക് പോയപ്പോൾ തോർത്തുമുണ്ട് പോലും സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയ തോമസ് ഐസക് വായ്ത്താളം നിർത്തി പണിയെടുക്കാൻ നോക്ക്. കേന്ദ്രം ചെയ്യേണ്ട പണി കേന്ദ്രം ചെയ്യുന്നുണ്ട്.
തോമസ് ഐസക്കിന് നാണമുണ്ടെങ്കിൽ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന ഈ വാട്ട്സ്ആപ്പ് സന്ദേശത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയണം.
മാധ്യമപ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന സന്ദേശം താഴെ നൽകുന്നു.
—————
മുഖ്യമന്ത്രി പിണറായി വിജയനോടും കെ.കെ.ശൈലജ ടീച്ചറോടും കേരളത്തിലെ മാധ്യമപ്രവർത്തകർ ചോദിക്കുന്നു.
കൊറോണ പ്രതിരോധത്തിലെ വീഴ്ചകൾ വാർത്തയാക്കാതെ മാധ്യമങ്ങളെല്ലാം സർക്കാരിനൊപ്പം നിന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജ ടീച്ചറും ദുരന്ത സമയത്ത് മാധ്യമപ്രവർത്തകരെ ഒറ്റുകയായിരുന്നു.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പിൽ തന്നെ നിയോഗിച്ചു. കൊറോണ പ്രതിരോധപ്രവർത്തനത്തിന്റെ ചുക്കാൻ പിടക്കാനാണ് ഡോക്ടറായ ശ്രീറാമിനെ നിയമിച്ചതെന്നാണ് സർക്കാർ ന്യായം പറയുന്നത്.
ഐഎഎസുകാരായ 13 പേർ ഡോക്ടർമാരാണ്. അവർ മുതിർന്ന ഉദ്യോഗസ്ഥരാണ്. എന്നിട്ടും ശ്രീറാമിനെ നിയമിച്ചു. മാധ്യമപ്രവർത്തകരോട് ശ്രീറാമിനുള്ള പക തീർക്കാനല്ലേ നിയമിച്ചത്? ഇനി മാധ്യമപ്രവർത്തകർ വിവരങ്ങൾക്ക് വേണ്ടി ശ്രീറാമിനെ വിളിക്കണം. ശ്രീറാം പ്രതിയായ കൊലക്കേസിൽ ഡോക്ടർമാർ ഉൾപ്പെടയുള്ള സാക്ഷികളെ സ്വാധീനിക്കാനല്ലേ അയാളെ ആരോഗ്യ വകുപ്പിൽ നിയമിച്ചത്?
*കൊറോണ പ്രതിരോധത്തിൽ കേരള സർക്കാരിന് ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. സർക്കാരിന്റെ ആത്മവിശ്വാസം തകർക്കേണ്ടെന്ന് കരുതിയാണ് മാധ്യമപ്രവർത്തകർ അത് വാര്‍ത്തയാക്കാത്തത്. സർക്കാരിന്റെ വീഴ്ചകൾ കൊണ്ടാണ് സ്ഥിതി ഗുരുതരമായത്.*
1. വിമാനത്താവളത്തിൽ വരുന്നവരെ പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റൈനിൽ താമസിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം പാലിക്കുന്നതിൽ വീഴ്ച വന്നില്ലേ?
2.വിമാനത്താവളത്തിൽ വരുന്നവരെ സർക്കാർ വാഹനത്തിൽ വീടുകളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടും നടപ്പാക്കിയില്ല. അതുകൊണ്ടല്ലേ പാവം ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാരും ദുരന്തത്തിലായത്?
3. ഇപ്പോൾ സംസ്ഥാനത്ത് അരലക്ഷം പേർ ക്വാറന്റൈനിൽ കഴിയുന്നു. ഒരാള്‍ വിദേശത്ത് നിന്ന് വീട്ടിൽ വരുമ്പോൾ അവിടെയുള്ള 5 പേരും ക്വാറന്റീനിലാണ്. വീട്ടിലുള്ള മറ്റുള്ളവർക്ക് കൂലിവേലയ്ക്ക് പോലും പോകാൻ കഴിയുന്നില്ല. വിദേശത്ത് നിന്ന് വന്നവരെ കളക്ടറന്മാർ കണ്ടെത്തിയ കെട്ടിടങ്ങളിൽ ക്വാറന്റീനിൽ താമസിപ്പിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നോ?
4. വിദേശത്ത് നിന്ന് വരുന്നവരെ ക്വാറന്റൈനിൽ താമസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാവില്ല. പ്രൈവറ്റ് മെഡിക്കൽ കോളജുകളുടെ ഹോസ്റ്റലുകളിലെ 5000 സിംഗിൾ മുറികൾ വിട്ട് തരാമെന്ന് അവർ സമ്മതിച്ചതായി മുഖ്യമന്ത്രിയല്ലേ വാർത്താസമ്മേളനത്തിൽ പറഞ്ഞത്? ആ സിംഗിൾ മുറികൾ കൂടാതെ പതിനായിരത്തിലധികം ഒറ്റമുറികൾ കലക്ടർമാർ കണ്ട് പിടിച്ചില്ലേ? എന്നിട്ട് വിദേശത്ത് നിന്ന് വന്നവരെ ഇവിടെ താമസിപ്പിച്ചെങ്കിൽ കേരളം ഇത്രയും ദുരന്തത്തിലാകുമായിരുന്നോ?
5. മൂന്നാറിൽ കൊറോണ രോഗി ഉൾപ്പെടെയുള്ള 19 ബ്രിട്ടീഷ് പൗരന്മാരെ പുറത്തുവിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു സർക്കാരിന് ഒഴിയാനാകുമോ? കെ.ടി.ഡി.സിയുടെ ടീ കൗണ്ടി ഹോട്ടലിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരുടെ രക്ത പരിശോധനയിൽ രോഗം കണ്ടെത്തിയില്ലെന്ന് ശനിയാഴ്ച രാവിലെ അവരെ അറിയിച്ചത് ആരോഗ്യ വകുപ്പ് അല്ലേ?
6. ശനിയാഴ്ച രാവിലെ നെഗറ്റീവാണെന്നും പറഞ്ഞതു തെറ്റാണെന്നും യഥാർഥ ഫലം രാത്രി എത്തുമെന്ന് അറിയിച്ചതും ആരോഗ്യവകുപ്പ് അല്ലേ? ഫലം നിർണയിക്കുന്നതിനും അതിന്റെ വിവരങ്ങൾ കൈമാറുന്നതിലും ഉണ്ടാകുന്ന അതീവഗുരുതരമായ വീഴ്ചയല്ലേ ഇവിടെ കണ്ടത്?
7. ബ്രിട്ടീഷുകാരന് കൊറോണ പോസീറ്റിവാണെന്ന ഫലം ശനിയാഴ്ച രാത്രി ലഭിച്ചെന്നു മന്ത്രി കെ.കെ.ശൈലജ ഞായറാഴ്ച തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി രോഗി ഉൾപ്പെടുന്ന ബ്രിട്ടീഷുകാരുടെ സംഘം ഹോട്ടലിൽ നിന്നു നിന്നു പോയതു സർക്കാർ അറിഞ്ഞില്ലേ?
8. രാത്രി ഹോട്ടലിൽ നിന്നു മുങ്ങിയെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. എങ്കിലും സമ്മതിക്കാം. എന്നാൽ ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് കണ്ടെത്താൻ സാധിക്കാത്തതെന്തേ? മൂന്നാറിൽ നിന്നു കൊച്ചിയിലേക്ക് ഒരു പ്രധാന റോഡാണ് ഉള്ളത്. ബ്രിട്ടീഷ് പൗരന്മാരായ 19 പേർ യാത്ര ചെയ്യുന്ന വാഹനം കണ്ടെത്താൻ സാധിക്കാത്ത വിധം കുത്തഴിഞ്ഞതാണോ കേരളത്തിലെ പൊലീസും മറ്റു സംവിധാനങ്ങളും?
9. ഹോട്ടൽ ജീവനക്കാർ അറിയാതെ അവിടെ താമസിക്കുന്നവർക്കു പുറത്തിറങ്ങാനാകുമോ?
10. ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയും വിമാനത്താവളത്തിൽ നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26നും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതേ ദിവസം മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഇറക്കിയ പത്രക്കുറിപ്പിൽ ഇറ്റലി, ഇറാൻ എന്നിവിടങ്ങവിൽ വരുന്നവരെ നിരീക്ഷിക്കുമെന്നു പറഞ്ഞിട്ടുണ്ട്. തലക്കെട്ടും അതുതന്നെ. ഔദ്യോഗിക പ്രസ്താവന ഇറക്കിയ മന്ത്രിക്ക് ഇക്കാര്യം പാലിക്കാനായോ?
11. ഇറ്റലിയിൽ നിന്നു റാന്നി സ്വദേശികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നത് ഫെബ്രുവരി 29ന്. വിമാനത്താവളത്തിൽ പരിശോധിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതുകൊണ്ടല്ലേ ആ കുടുംബം വീട്ടിൽ എത്തിയത്?
12. വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കായതിനാൽ ഇവരെ കണ്ടെത്താൻ സാധിച്ചില്ലെന്നു മന്ത്രി പറയുന്നു. അതു സമ്മതിക്കാം. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുടെ പട്ടിക ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നെങ്കിൽ ഇവരെ പിന്നീടു കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിക്കാമായിരുന്നില്ലേ?
13. കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശി മാർച്ച് 10ന് ഇറ്റലിയിൽ നിന്നു വന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോടു അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടും വീട്ടിലേക്കു പറഞ്ഞുവിട്ടത് എന്തിന്?
14. ഇറ്റലയിൽ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിരീക്ഷിക്കേണ്ടതായിരുന്നില്ലേ?
15. 12 ന് രാവിലെ പനി വന്നപ്പോൾ അദ്ദേഹത്തെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു. പരിശോധനയ്ക്കുവേണ്ടി രക്തം എടുത്തശേഷം അദ്ദേഹത്തെ ഓട്ടോറിക്ഷയിൽ വീട്ടിലേക്കു വിട്ടത് ഗുരുതരമായ വീഴ്ചയല്ലേ?
16. മടക്കയാത്രയിൽ അദ്ദേഹം പല കടകളിലും കയറിയിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ, അയാളുമായി അടുത്തിടപഴകിയ മറ്റു ഡ്രൈവർമാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ ൾപ്പെടെ എല്ലാവർക്കും രോഗം ഉണ്ടാകാൻ സാഹചര്യം
സൃഷ്ടിച്ചത് സർക്കാരല്ലേ?
17. ചൈനയിലെ വുഹാനിൽ നിന്നു വന്നവർക്ക് കൊറോണ സ്ഥിരീകിച്ചെങ്കിലും കേരളത്തിലെ വിമാനത്താവളം അധികൃതരുടെ യോഗം വിളിക്കാൻ സംസ്ഥാന സർക്കാർ ഒരു മാസം കാത്തിരുന്നതെന്തിന്?
18. കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി റോഡ് അപകടത്തിൽ പെട്ടു. വീട്ടിൽ കഴിയേണ്ടവർ പുറത്തിറങ്ങി നടക്കാമോ? നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനില്ലേ? അവർ പുറത്തിറങ്ങി നടക്കുന്നത് സമൂഹത്തിനാകെ വെല്ലുവിളിയാകുമെന്നു മനസ്സിലാക്കാത്തതെന്തേ?
19. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഇരിക്കണമെന്ന് പറഞ്ഞിട്ട് മദ്യശാലകളും ബാറുകളും പ്രവർത്തിപ്പിക്കുന്നത് ശരിയാണോ?
20. കുട്ടികളെ സംരക്ഷിക്കുകയും അവരുടെ രക്ഷിതാക്കൾക്ക് വൈറസ് ബാധിക്കാൻ സൗകര്യം ഒരുക്കിയ സർക്കാരിന്റെ പ്രതിരോധനയം ശരിയാണോ?
Post Your Comments