ജനീവ: ലോകരാഷ്ട്രങ്ങള്‍ക്ക് പ്രത്യാശ നല്‍കി ശാസ്ത്രലോകം, കോവിഡ്-19 ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റാന്‍ പരീക്ഷിച്ച 69 മരുന്നുകള്‍ ഫലപ്രദം. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ 70 ഓളം മരുന്നുകളും പരീക്ഷണാത്മക സംയുക്തങ്ങളും ഫലപ്രദമാകുമെന്ന് ഗവേഷക സംഘം. ഇവയില്‍ ചില മരുന്നുകള്‍ ഇതിനകം തന്നെ മറ്റ് രോഗങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖമായ കോവിഡ്19 ചികിത്സിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നത്, പുതിയ ആന്റി വൈറല്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സാധ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബയോ റിക്‌സിവ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മരുന്നുകളുടെ പട്ടിക പ്രത്യക്ഷപ്പെട്ടത്. SARS-CoV-2 എന്നും വിളിക്കുന്ന വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് പട്ടികയുമായി നൂറുകണക്കിന് പേരടങ്ങിയ ഗവേഷക സംഘം രംഗത്തെത്തിയത്.
ശ്വാസകോശത്തെ ബാധിക്കാന്‍, കൊറോണ വൈറസ് അതിന്റെ ജീനുകള്‍ അകത്തേക്ക് പ്രവേശിപ്പിക്കണം. കോശത്തിന്റെ സ്വന്തം ജനിതക സംവിധാനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുക.
ഇതോടെ ഈ കോശം വൈറല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. അവ ദശലക്ഷക്കണക്കിന് പുതിയ വൈറസുകള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഈ വൈറല്‍ പ്രോട്ടീനുകള്‍ ഓരോന്നും ആവശ്യമായ മനുഷ്യ പ്രോട്ടീനുകളുമായി കലര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
Post Your Comments