KeralaLatest NewsNews

കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ ലോക്ക്ഡൗണുകള്‍ പര്യാപ്തമല്ല: ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജനങ്ങളെ പൂട്ടിയിടുന്നത് അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിദഗ്ധന്‍ ഞായറാഴ്ച പറഞ്ഞു. വൈറസ് വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പൊതുജനാരോഗ്യ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഗികളായവരെയും വൈറസ് ബാധിച്ചവരെയും കണ്ടെത്തുകയും, അവരെ നിരീക്ഷണത്തിലാക്കുകയും, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി അവരേയും നിരീക്ഷണവിധേയരാക്കുകയും ചെയ്യുക എന്നതാണ്,’ ലോകാരോഗ്യ സംഘടനാ വിദഗ്ധന്‍ മൈക്ക് റയാന്‍ ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ലോക്ക്ഡൗണുകളെക്കൊണ്ടുള്ള അപകടത്തെക്കുറിച്ച് ബോധവല്‍ക്കരിച്ചില്ലെങ്കിലുണ്ടാകാവുന്ന വിപത്ത് ഭയാനകമായിരിക്കും. ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ ഇപ്പോള്‍ നടപ്പാക്കിയില്ലെങ്കില്‍, ജനങ്ങളുടെ ചലന നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നീക്കം ചെയ്യുമ്പോള്‍, വൈറസ് രോഗം വീണ്ടും പതിന്മടങ്ങ് വര്‍ദ്ധിക്കും,’ അദ്ദേഹം പറയുന്നു.

യൂറോപ്പിലും അമേരിക്കയിലും ചൈനയുടെ ഭൂരിഭാഗവും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും പുതിയ കൊറോണ വൈറസിനെതിരെ പോരാടുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക തൊഴിലാളികളും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. അവശ്യ സാധനങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ബാറുകള്‍, പബ്ബുകള്‍, റെസ്റ്റോറന്‍റുകള്‍ എല്ലാം അടച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ ഇവയെല്ലാം അപര്യാപ്തമാണ്.

ചൈനയെക്കൂടാതെ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ ഏഷ്യയെ പാന്‍ഡെമിക്കിന്‍റെ പ്രഭവകേന്ദ്രമായി മാറ്റിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഒരിക്കല്‍ വൈറസിനെ അടിച്ചമര്‍ത്തിയാല്‍ പിന്നെ വൈറസിനെ പിന്തുടര്‍ന്ന് എന്നന്നേക്കുമായി ഉന്മൂലനം ചെയ്യണമെന്ന് മൈക്ക് റയാന്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിച്ച രാജ്യമാണ് ഇറ്റലി. ആളുകള്‍ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ ബ്രിട്ടന്‍റെ ആരോഗ്യ വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ടെസ്റ്റുകളുടെ ഉത്പാദനം അടുത്തയാഴ്ച ഇരട്ടിയാകുമെന്നും അതിനുശേഷം അത് വര്‍ദ്ധിപ്പിക്കുമെന്നും ബ്രിട്ടീഷ് ഭവന മന്ത്രി റോബര്‍ട്ട് ജെന്‍റിക് പറഞ്ഞു.

നിരവധി വാക്സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഒരെണ്ണം മാത്രമാണ് അമേരിക്കയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും റയാന്‍ പറഞ്ഞു. ബ്രിട്ടനില്‍ ഒരു വാക്സിന്‍ ലഭ്യമാകുന്നതിന് എത്ര സമയമെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ആളുകള്‍ യാഥാര്‍ത്ഥ്യബോധം പുലര്‍ത്തേണ്ടതുണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, വികസിപ്പിക്കുന്ന വാക്സിനുകള്‍ തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് ഒരു വര്‍ഷമെങ്കിലും എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button