ഇരിട്ടി: നാടിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിലാക്കി ദുബായിൽ നിന്നും വന്നിറങ്ങിയ കൊറോണ ബാധിതനായ യുവാവ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനയില്‍ പ്രകോപിതനായ ഇയാള്‍ സ്വകാര്യബസിൽ ഓടിക്കയറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെ ബംഗളൂരുവില്‍ നിന്നും വീരാജ്പേട്ട വഴി ടെമ്പോ ട്രാവലര്‍ ടാക്സിയില്‍ കൂട്ടുപുഴ ആര്‍ടി ചെക്ക് പോസ്റ്റില്‍ എത്തിയ സംഘത്തില്‍ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ എത്തിയ ടാക്സി നാലായിരം രൂപ ടാക്സ് അടക്കണമെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റ് അധികൃതര്‍ തടഞ്ഞു. തങ്ങളുടെ കൈയില്‍ കാശില്ലെന്ന് പറഞ്ഞ് ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ സംഘത്തെ ഇവിടെ ഇറക്കി ഡ്രൈവര്‍ വാഹനവുമായി തിരിച്ചു പോവുകയും ചെയ്തു.
ആരോഗ്യവകുപ്പ് അധികൃതര്‍ വന്നിട്ട് പോയാല്‍ മതിയെന്ന് പറയുന്നതിനിടെ സംഘം ഇതുവഴി വന്ന സ്വകാര്യ ബസില്‍ ഓടിക്കയറുകയായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസുകാര് ഇവരെ രണ്ട് കിലോമീറ്റര്‍ ഇപ്പുറമുള്ള കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇറക്കിവിട്ടു. ഈ സമയത്ത് ഇവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇവരുടേതടക്കം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസും ഇവിടെ ഉണ്ടായിരുന്ന റവന്യൂ, ആരോഗ്യ പ്രവര്‍ത്തകരും കൂടി 108 ആംബുലന്‍സ് വരുത്തിയെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുൻപ് തന്നെ ഇവർ ടാക്സി വരുത്തി അതില്‍ കയറിപ്പോയി. ഇപ്പോൾ യുവാവും സംഘവും കടന്നുപോയ ആര്‍ടി ചെക്ക് പോസ്റ്റില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ നാല് മാധ്യമ പ്രവര്‍ത്തകര്‍, സ്ഥലത്തെത്തിയ രണ്ട് എസ്ഐമാരുള്‍പ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ് – ആരോഗ്യവകുപ്പ് – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേര് ആദ്യഘട്ടത്തില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ സഞ്ചരിച്ച ബസുകളിലെ യാത്രക്കാര്‍ ആരെല്ലാമാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.
Post Your Comments