KeralaLatest NewsNews

എക്സൈസ് വകുപ്പ് പിടിച്ചെടുത്ത സ്പിരിറ്റ്‌ ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങി

തൃശൂര്‍•എക്സൈസ് വകുപ്പ് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എത്തിച്ചതോടെ സർക്കാർ മാനസികാരോഗ്യകേന്ദ്രവും സാനിറ്റൈസർ നിർമ്മാണത്തിൽ സജീവമായി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ ഉപയോഗം വ്യാപകമായതോടെയാണ് ഇത് ഉണ്ടാക്കാനുള്ള സ്പിരിറ്റിന് ആവശ്യമേറിയത്. ഇതിനുവേണ്ടി ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക നിർേദ്ദശപ്രകാരം എക്സൈസ് ഡിപ്പാർട്ട്മെന്റുമായി മാനസികാരോഗ്യ കേന്ദ്രം അധികൃതർ ബന്ധപ്പെടുകയായിരുന്നു. തൊണ്ടി മുതലായി സൂക്ഷിച്ച സ്പിരിറ്റ് ലഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ കളക്ടർ ഷാനവാസും നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായാണ് 75 ലിറ്റർ സ്പിരിറ്റ് മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.

ബ്രേക്ക് ദി ക്യാമ്പയിന്റെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രത്തിലെ സൊസൈറ്റി ഫോർ ഒക്കുപേഷണൽ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷന്റെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. 75 ലിറ്റർ സ്പിരിറ്റും ആവശ്യമായ മറ്റു അസംസ്‌കൃത വസ്തുക്കളും ചേർത്താണ് 88 ലിറ്റർ സാനിറ്റൈസർ ഇവിടെ നിർമ്മിച്ചത്. 98 ശതമാനം സ്പിരിറ്റിനോടൊപ്പം ഡിസ്റ്റിൽഡ് വാട്ടർ, ഗ്ലിസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്, നിറം കൊടുക്കുന്ന വസ്തുക്കൾ, എസൻസ് എന്നിവ ഡബ്ല്യൂഎച്ച്ഒ അനുശാസിക്കുന്ന പ്രത്യേക അനുപാതത്തിൽ കലർത്തിയാണ് നിർമ്മിച്ചത.് ഇത് 500 മില്ലി ലിറ്റർ 200 മില്ലി ലിറ്റർ കുപ്പികളിലാക്കി ജില്ലാ മെഡിക്കൽ ഓഫീസ് വഴി വിതരണം ചെയ്തു. ഇതിനുപുറമേ മാനസികാരോഗ്യ കേന്ദ്രത്തിലെ വിവിധ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഇത് നൽകി.

വളരെ കുറഞ്ഞ നിരക്കിലാണ് എക്‌സൈസ് വകുപ്പിന്റെ സ്പിരിറ്റ് ലഭ്യമായത്. ഇനിയും സ്പിരിറ്റ് ലഭ്യമാക്കുകയാണെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസർ നിർമ്മിച്ചു നൽകാൻ മാനസികാരോഗ്യകേന്ദ്രം തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.
നിർമ്മാണപ്രവർത്തനങ്ങൾക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി ആർ രേഖ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സ്നേഹജ, ആർ എം ഓ ഡോക്ടർ അല്ലി, ഡോക്ടർ സുബ്രഹ്മണ്യൻ, ഡോക്ടർ ജോസഫ് സണ്ണി, സൊസൈറ്റി പ്രസിഡന്റ് കെ രാധാകൃഷ്ണൻ, ട്രഷറർ ശാരിക തുടങ്ങിയവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button