Latest NewsKeralaNews

ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് വിവാഹാഘോഷം : വധു പിതാവിനെതിരെ കേസ്

ആലപ്പുഴ : കൊറോണ വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദ്ദേശം ലംഘിച്ചു കൊണ്ട് വിവാഹം വിപുലമായി നടത്തിയതിന് പോലീസ് കേസെടുത്തു. ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 ന് നടന്ന ആലപ്പുഴ പവർഹൗസ് വാർഡിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയിൽ നടത്തിയത്.

വിവാഹവുമായി ബന്ധപ്പെട്ട ആളുകൾ കൂടുന്ന പരിപാടികൾ ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷമീർ അഹമ്മദിന് അമ്പലപ്പുഴ തഹസിൽദാർ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. കൂടാതെ 13 ന് തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് അവർ നൽകുകയും ചെയ്തിരുന്നതാണ്. ആർ ഡി ഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകളിലെ കൂടുതൽ ആളുകളെ പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു. ഹാൾ ബുക്ക് ചെയ്തതിന് ചെലവായ തുക ഷമീർ അഹമ്മദിന് തിരിച്ചു നൽകാനും തയ്യാറായിരുന്നു. എന്നാൽ 60 പേരിൽ കൂടുതൽ പങ്കെടുക്കില്ല എന്ന ഉറപ്പ് പാടെ തെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേർന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ, രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിലാണ് ആണ് കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുത്തത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പൽ കൗൺസിലറുടെ സഹായത്തോടെ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്. തുടർന്നാണ് സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചതിന് തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button