കൊച്ചി: സംസ്ഥാനത്ത് കൊറോണ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും സാമൂഹ്യ അകലം അവലംബിക്കാനും ആര്‍എസ്എസ് സ്വയം സേവകര്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍.
കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 22ന് ആചരിക്കുന്ന ജനതാ കര്‍ഫ്യൂവുമായി സഹകരിക്കണമെന്ന് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി. ശാഖാ സമയം നാളെ രാവിലെ 6.30ന് മുന്‍പോ രാത്രി 9.00ന് ശേഷമോ പ്രാര്‍ത്ഥന മാത്രമായി ക്രമീകരിക്കണം. കൊറോണ രോഗവ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും സാമൂഹ്യ അകലം എന്ന പ്രതിരോധരീതി അവലംബിക്കാനും സ്വയം സേവകര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ശാഖാ കാര്യക്രമങ്ങള്‍ ക്രമീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി നിര്‍ദ്ദേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ജനങ്ങളില്‍ ആശങ്ക പടര്‍ത്താതെ, അതേസമയം രോഗവ്യാപനം തടയാനുള്ള ബോധവത്ക്കരണത്തില്‍ സ്വയംസേവകര്‍ മുന്‍കൈ എടുക്കണമെന്നും ക്ഷേത്ര ഉത്സവങ്ങള്‍ മറ്റു പൊതുചടങ്ങുകള്‍ എന്നിവ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ സ്വയം സേവകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Post Your Comments