Latest NewsNewsIndia

കോവിഡ് 19: നിരീക്ഷണത്തില്‍ പാര്‍പ്പിച്ച മന്ത്രിയുടെ പരിശോധന ഫലം പുറത്ത്

ലക്‌നൗ: കോവിഡ് ബാധ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിയുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിന്റെ സ്രവസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടത്.

ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ജയ് പ്രതാപ് സിംഗിനെ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ എത്തിയ സല്‍ക്കാരത്തില്‍ ജയ് പ്രതാപ് സിംഗ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഐസൊലേഷന്‍ വാര്‍ഡിന്റെ ചുമതലയുള്ള ഡോ. സുധീര്‍ സിംഗ് വ്യക്തമാക്കി. മന്ത്രിയ്ക്കു പുറമേ അദ്ദേഹവുമായി ഇടപഴകിയ 24 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്നും സുധീര്‍ സിംഗ് വ്യക്തമാക്കി.

അതേസമയം ഉത്തര്‍പ്രദേശില്‍ ഇതുവരെ 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. സ്‌കൂളുകള്‍ക്കെല്ലാം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഷോപ്പിംഗ് മാളുകളും, തിയറ്ററുകളും അടച്ചിട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button