റോം: യുറോപ്യന്‍ രാജ്യങ്ങളില്‍ മരണം വിതച്ച് കോവിഡ്-19 വ്യാപിയ്ക്കുന്നു. അതേസമയം ഏഷ്യന്‍ രാജ്യങ്ങളില്‍ മരണം കുറവും. ഇതിനുള്ള കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ഗവേഷകരും. ഏഷ്യന്‍ രാജ്യങ്ങളില്‍ മരണം 3384 കവിഞ്ഞപ്പോള്‍ യൂറോപ്പില്‍ 3421 പിന്നിട്ടു. ലോകത്താകെ കൊറോണ മരണം 8400കഴിഞ്ഞു. 2,10,734 രോഗികള്‍ ചികിത്സയിലുണ്ട്. 82,721പേര്‍ രോഗമുക്തരായി.
ഇറ്റലിയില്‍ സ്ഥിതിഗതികള്‍ അനുദിനം രൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ 345 പേര്‍ മരിച്ചു. ആകെ മരണം 2510 കഴിഞ്ഞു. ദിനംപ്രതി 3500ഓളം പേര്‍ക്ക് രോഗം ബാധിക്കുന്നു. മഹാദുരന്തത്തിന്റെ സൂചനയാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ആശുപത്രി മോര്‍ച്ചറികളില്‍ ശവശരീരങ്ങള്‍ കൂടിക്കിടക്കുന്നു. ഉറ്റവരുടെ ശവസംസ്‌കാരത്തിന് പോലും പങ്കെടുക്കാന്‍ കഴിയാത്തവര്‍. ചടങ്ങുകളില്‍ വൈദികനും ശവം അടക്കുന്നയാളും മാത്രം.
പ്രദേശിക പത്രങ്ങള്‍ ചരമവാര്‍ത്തകളുടെ പേജ് രണ്ടില്‍ നിന്ന് പത്ത് ആയി വര്‍ദ്ധിപ്പിച്ചു. യുദ്ധകാലത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല.
ശ്വാസതടസവും ചുമയുമായി പോയ പലരും ജീവനോടെ മടങ്ങിവന്നില്ല. അഞ്ചുദിവസം കൊണ്ടാണ് ഇറ്റലിയിലെ മരണസംഖ്യ അതിഭീകരമായി ഉയര്‍ന്നത്.
Post Your Comments