
ന്യൂ ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിയമ പ്രകാരം എന്‍.ആര്.സി കേന്ദ്ര സര്‍ക്കാരിൽ നിക്ഷിപ്തമായ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതിയില്‍ സർക്കാർ അറിയിച്ചു. ദേശീയ പൗരത്വ പട്ടിക (എന്‍.ആര്.സി) പരമാധികാരമുള്ള ഏതു രാജ്യത്തിനും അനിവാര്യമാണ്. സുപ്രീംകോടതിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികള്‍ക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റക്കാരെ നിയമപരമായ നടപടിയിലൂടെ നാടുകടത്തുന്നതിന് സ്വതന്ത്ര അധികാരമുണ്ട്. അനധികൃത വിദേശിയെ തടവിലാക്കാനും നാടുകടത്താനും ഭരണഘടനയുടെ 258(1) അനുഛേദ പ്രകാരം 1958 മുതല്‍ സംസ്ഥാന സര്‍ക്കാറിനും അധികാരമുണ്ട്. വിസയിലുള്ള വിദേശികള്‍, പൗരന്മാര്, അനധികൃത കുടിയേറ്റക്കാര്‍, എന്നിങ്ങനെ മൂന്നു തരം ആളുകള്‍ രാജ്യത്ത് താമസിക്കുന്നുണ്ട്. 1946-ലെ വിദേശി നിയമം, 1920-ലെ പാസ്പോര്‍ട്ട് നിയമം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള 1955-ലെ നിയമം എന്നിവ പ്രകാരം എന്‍.ആര്.സി കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്.
1946-ലെ വിദേശി നിയമ പ്രകാരം വിദേശികളെ പുറന്തള്ളാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. ആളുകളെ രാജ്യത്തുനിന്ന് പുറന്തള്ളലും പ്രവേശിപ്പിക്കലും അടക്കമുള്ളവ കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ്. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഭരണഘടനയുടെ 32-ാം അനുഛേദ പ്രകാരം കൂടുതല്‍ കാലം താമസിക്കാനോ പൗരത്വം അവകാശപ്പെടാനോ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ പറയുന്നു.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ളതാണെന്ന വാദം തള്ളണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് എന്‍.ആര്.സി നിയമപരമായി നിലനില്‍ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
എന്‍.ആര്.സിക്ക് നിയമസാധുത നല്കുന്ന 14-എ വകുപ്പ് 1955ലെ പൗരത്വനിയമത്തില്‍ 2004 മുതല്ക്കുള്ളതാണ്. എന്‍.ആര്.സി തയാറാക്കുന്നതിനുള്ള നടപടിക്രമം, ചുമതലക്കാര്‍ എന്നിവ അതില്‍ വിശദീകരിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments