KeralaLatest NewsNews

കൊറോണ ബാധിത രോഗികളുടെ എണ്ണം തടയാന് സാധ്യമായ അവസാന ഘട്ടമാണിത്; കേരളം ഇറ്റലിയാകാതിരിക്കാന്‍ ശ്രമിക്കേണ്ടത് നമ്മളാണ്; വൈറലായി കുറിപ്പ്

കോവിഡ് 19 ഭീതിയിലാണ് ലോകം മുഴുവൻ. ഇറ്റലിയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനാത്ത രീതിയിലേക്ക് കൈവിട്ടുപോയിരുന്നു. പത്തും നൂറുമായി മരണസംഖ്യ ഉയർന്നുവന്നപ്പോഴും വേണ്ടത്ര ജാഗ്രത ഇറ്റലിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് കേസുകൾ ഉയരുകയായിരുന്നു. അതുകൊണ്ടുതന്നെ കൊറോണ കേസുകള് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇപ്പോഴേ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുകയാണ് മാധ്യമപ്രവർത്തകയായ അനുപമ മോഹൻ. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read also: ഫ്ലാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടന്നപ്പോൾ മരിച്ച നിലയിൽ അമ്മ; അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് പിഞ്ചു കുഞ്ഞ്; പൊലീസ് പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നിങ്ങളോ, അടുത്ത വീട്ടിലെ കുഞ്ഞിന്റെ അമ്മൂമ്മയോ ? – ഒഴിവാക്കാവുന്ന ഒരു ദുരന്തം.

*************

പൊളിറ്റിക്കൽ/മോറൽ ഫിലോസഫിയിലെ ചില ചോദ്യങ്ങളുണ്ട്. അത്ര പെട്ടന്നോ എളുപ്പമോ ശരിപക്ഷം കണ്ടെത്താനാവാത്തവ. ഒരുപക്ഷേ കേവല ശരിപക്ഷം ഇല്ലാത്തവ. ഉദാഹരണത്തിന്, ലക്ഷങ്ങളെ കൊല്ലുന്ന ക്യാൻസറിന് വാക്സിൻ കണ്ടെത്താം, പക്ഷേ നിരപരാധിയായ ഒരാളെ കൊല്ലണം – നിങ്ങൾ എടുക്കുന്ന ചോയിസ് എന്താവും ? അത്തരം ചോദ്യങ്ങൾ മാത്രം നിറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ ഇറ്റാലിയൻ സർക്കാരും ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും.

കോവിഡ്- 19 കേസുകൾ പത്തുകളും നൂറുകളും ആയിരുന്ന ആദ്യ ദിവസങ്ങളിൽ ആർക്കും ഒരു ചോദ്യവുമില്ലായിരുന്നു. എല്ലാ രോഗികൾക്കും പരമാവധി കെയർ നൽകുക. അത് അനായാസമായിരുന്നു. പിന്നീട് ഒരാഴ്ച്ച കൊണ്ട് കേസുകൾ ആയിരങ്ങളായി. സംവിധാനം ബുദ്ധിമുട്ടി തുടങ്ങി. എങ്കിലും കൊറോണ കേസുകൾ എല്ലാം തന്നെ ചികിത്സിച്ചു തന്നെ തുടർന്നു. അടുത്തയാഴ്ച്ചയായി, കേസുകൾ പതിനായിരം കടന്നു. അന്നുവരെ അഭിമുഖീകരിക്കാത്ത സാഹചര്യവും വന്നു. എല്ലാവരെയും മതിയായി ചികിത്സിക്കുക എന്നത് അസാധ്യമായി. അതിനും മാത്രം വെന്റിലേറ്ററുകളും അതിതീവ്ര പരിചരണ യൂനിറ്റുകളും മറ്റും രാജ്യത്തില്ല. ഓർക്കുക, കൊറോണ കേസുകൾ മാത്രമല്ല, മറ്റ് ഗുരുതര രോഗികളും പതിവ് എണ്ണത്തിൽ നിലവിലുണ്ട്. ഇവിടെയാണ് ഒരു സാധാരണ മനുഷ്യനും ഒരിക്കലും ഉത്തരം നൽകാൻ ആഗ്രഹിക്കാത്ത ആ ചോദ്യം ഉയരുന്നത്.

ആരെ രക്ഷിക്കും, ആരെ മരണത്തിനു വിടും ?

***

ഇറ്റലിയിൽ ഇപ്പോൾ യുദ്ധകാലത്തെ എന്നപോലെ രോഗികളെ അതിജീവന സാധ്യത പ്രകാരമാണ് പരിഗണിക്കുന്നത്. പരമാവധി സാധ്യമായ ചികിത്സ ആർക്കൊക്കെ നൽകണം എന്നത് സംബന്ധിച്ച് ഔദ്യോഗിക മാർഗനിർദ്ദേശങ്ങളുണ്ട്. പ്രായം, ശരാശരി ആയുസിൽ ഇനിയും ശേഷിക്കുന്ന വർഷങ്ങൾ, മറ്റ് രോഗാവസ്ഥ സങ്കീർണതകൾ (ഉദ: ശ്വാസകോശ രോഗങ്ങൾ, ചില കാൻസറുകൾ) എന്നിങ്ങനെ പല ഘടകങ്ങളും അതിജീവന സാധ്യതയും പരിഗണിച്ചാണ് വെന്റിലേറ്റർ ഉൾപ്പെടെ അനുവദിക്കുന്നത്. ആദ്യം വരുന്നവർക്ക് പരമാവധി ചികിത്സ എന്ന നയം പിന്തുടർന്നാൽ കൂടുതൽ അതിജീവന സാധ്യതയുള്ള പലരേയും മരണത്തിന് വിടേണ്ടിവരും എന്നതുകൊണ്ടാണ് ഈ യുദ്ധകാലാടിസ്ഥാന മാർഗ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിയത്.

ഒരുകണക്കിന്, 36ഉം 48ഉം മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും ഈ മാർഗ നിർദ്ദേശങ്ങൾ ഒരാശ്വാസമാണ്. കഠിനമായ ജോലിഭാരത്തിനൊപ്പം ജീവന്മരണ തീരുമാനങ്ങളുടെ ദൈവവേഷം കൂടി ചെയ്യേണ്ടല്ലോ.

പക്ഷേ അവരുടെയും, ചികത്സ ലഭിക്കുന്നവരുടെയും കുറ്റബോധം ഊഹിക്കാനാവുമോ ? ഒരു മരണം, ആ മരണത്തിലൂടെ ലഭിച്ച ചികിത്സ.. എത്ര നീറിയാവും മനസാക്ഷിയുള്ള മനുഷ്യർ അതിജീവിക്കുക..!

ഒഴിവാക്കാമായിരുന്നോ ആ അവസ്ഥ ?

പറ്റുമായിരുന്നു. അതാണ് ഏറ്റവും ഹൃദയഭേദകം.

***

കേരളം ഇപ്പോൾ നിൽക്കുന്നത് രോഗബാധിതർ പത്തുകളിൽ ഉള്ള സ്ഥാനത്താണ്. ഇവിടെയാണ് നമ്മൾ പ്രവർത്തിക്കേണ്ടതും. കൊറോണ ബാധിത രോഗികളുടെ എണ്ണം പെരുക്കപ്പട്ടിക പോലെ കൂടുന്നത് തടയാൻ സാധ്യമായ അവസാന ഘട്ടമാണിത്. രോഗം വ്യാപിക്കുന്ന തോത് താമസിപ്പിക്കാനും, ഒരു സമയത്തെ രോഗികളുടെ പരമാവധി എണ്ണം ( പീക്ക് ) കുറയ്ക്കാനും ഇപ്പോൾ നമുക്ക് കഴിയും. ഇപ്പോഴേ കഴിയൂ.

ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതിലും അധികം രോഗികളെ ഉണ്ടാക്കാതിരിക്കുക എന്നതാണ് മരണനിരക്ക് കുറയ്ക്കാൻ നമുക്ക് ചെയ്യാവുന്നത്. അതിന് രോഗം പടരാനുള്ള അവസരങ്ങൾ പരമാവധി ഒഴിവാക്കണം. സർക്കാർ നിർദ്ദേശങ്ങൾ അതുപോലെ പാലിക്കണം. മുൻകരുതലുകളെ ഗൗരവമായി തന്നെ നടപ്പിലാക്കണം.

*സാമൂഹ്യ അകലം പാലിക്കണം.

*വ്യക്തി ശുചിത്വം കൃത്യമായി സൂക്ഷിക്കണം.

*കൂടിച്ചേരലുകൾ ഒഴിവാക്കണം.

*സോപ്പോ, ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കൈകൾ വൃത്തിയായി കഴുകുക.

*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും കർച്ചീഫ് / ടിഷ്യൂ കൊണ്ട് പൊത്തിപ്പിടിക്കുക.

*പരസ്പര സ്പർശങ്ങൾ ഒഴിവാക്കുക.

*സ്ഥിരം തൊടുന്ന പ്രതലങ്ങൾ ക്ലീനർ ഉപയോഗിച്ച് തുടയ്ക്കുക.

*പനി, ജലദോഷം, ചുമ എന്നിവയുണ്ടെങ്കിൽ ദിശ (1056, 0471 2552056) നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

*കേരളത്തിന് പുറത്തുനിന്ന് വരുന്നവർ ദിശയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കുക.

*സർക്കാർ, ലോകാരോഗ്യ സംഘടന കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം പാലിക്കുക.

*സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.

*അമിതമായ ഭയം, വിദേശികളോടോ അന്യരോടോ വെറുപ്പ് എന്നിവ ഒഴിവാക്കുക.

*ഉത്തരവാദിത്ത പൗരത്വം നിറവേറ്റുക.

***

മറ്റൊരാളുടെ മരണം ഒഴിവാക്കാൻ നമ്മൾ എന്തൊക്കെ ചെയ്യും ?

കഴിയുന്നത് എന്തും ചെയ്യും , അല്ലേ ?

ഇവിടെ നമ്മൾ ചെയ്യേണ്ടത് അകന്നു നിൽക്കുകയാണ്.

Stay together, by staying apart.

Let’s break the chain.

shortlink

Related Articles

Post Your Comments

Related Articles


Back to top button