ആരാധനാലയങ്ങളെല്ലാം അടച്ചുപൂട്ടി …. ഇനി കേന്ദ്രസഹമന്ത്രിയ്ക്ക് വേണ്ടി ആര് മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കും എഴുത്തുകാരന്‍ സഖറിയ. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, പശ്ചിമ ബംഗാളിലെ വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് എഴുതിയതിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായാണ് സക്കറിയ രംഗത്ത് എത്തിയത്.. കയ്യടി നേടാനാണ് താന്‍ ഇത്തരമൊരു അനുഭവത്തെക്കുറിച്ച എഴുതിയതെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയക്കാരുടെ കുത്തകയാണെന്ന് സക്കറിയ മറുപടിയില്‍ പറയുന്നു. പ്രവാസികളായ മലയാളികളെ ഒറ്റയടിക്ക് നോട്ടപ്പുള്ളികളാക്കുന്ന യുക്തിയാണ് തന്നെ വിമര്‍ശിക്കാന്‍ മുരളീധരന്‍ പ്രയോഗിക്കുന്നതെന്ന് സ്‌ക്കറിയ പറഞ്ഞു.
സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
ബാഗ്‌ദോഗ്ര വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ വര്‍ഗീയതാ ബാധിതനായപൊലീസുകാരനെ പറ്റി ഞാന്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിനോട് വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ പ്രതികരണം (മാതൃഭൂമി മാര്‍ച്ച് 14, 2020) വായിച്ചപ്പോള്‍ അദ്ദേഹത്തിന് ചില തെറ്റിദ്ധാരണകള്‍ ഉള്ളതായി തോന്നി. ഒരു സഹപൗരന്‍ എന്ന നിലയില്‍ അവ ദൂരീകരിക്കുക എന്റെ ചുമതലയാണ്–ചില ആപത്തുകള്‍ ചൂണ്ടിക്കാണിക്കുകയും.
1. കയ്യടി നേടാനാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും പൊതുവില്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണ്. വളരെ മലീമസമായ ഒരു മേഖലയാണത്. അവിടെ കൈവയ്ക്കാന്‍ അതുകൊണ്ട് ഉദരപൂരണം നടത്തേണ്ട ആവശ്യമില്ലാത്ത ആരും മടിക്കും. എഴുത്തുകാരനായ എനിക്ക് എന്റെ വായനക്കാരുടെ കയ്യടി നേടാന്‍ മോഹം ഉണ്ടായേക്കാം. പക്ഷെ അതിനു പൊലീസുകാരുടെ ചരിത്രം പറയുകയല്ല മാര്‍ഗം. നല്ല രചനകള്‍ സൃഷ്ടിക്കുകയാണ്. ഞാന്‍ ആ കുറിപ്പ് എഴുതിയത് എവിടേക്കാണ് ജനാധിപത്യ-മതേതര ഇന്ത്യ പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. അതിനു കയ്യടി കിട്ടിയാല്‍ സന്തോഷം.
2. ഇസ്ലാമിക തീവ്രവാദത്തിന് വെള്ളപൂശാനാണ് എന്റെ ശ്രമം എന്ന് അദ്ദേഹം പറയുന്നു. ഇത് കുറെ കടന്ന കയ്യായി പോയി. ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മന്ത്രിയായിരിക്കുന്നതിന്റെയും മറ്റും തിരക്കില്‍ അത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഹിന്ദു തീവ്രവാദത്തെ ഞാന്‍ കൂടുതല്‍ വിമര്‍ശിക്കാറുണ്ട് എന്നത് ശരി തന്നെ. കാരണം അത് ഭൂരിപക്ഷത്തിന്റെ പേര് ഉപയോഗിച്ച്, അല്ലെങ്കില്‍ ആ പേര് കയ്യേറി, വളരാന്‍ ശ്രമിക്കുന്ന തീവ്രവാദമാണ്. ഇസ്ലാമികതീവ്രവാദത്തിന്റെ ആത്മഹത്യാപരമായ നീക്കങ്ങളും ബുദ്ധിശൂന്യതയും അതിനു ലഭിക്കുന്ന ശുഷ്‌ക്കമായ പിന്തുണയും വച്ച് നോക്കുമ്‌ബോള്‍ ഇവ തമ്മില്‍ അവഗണിക്കാനാവാത്ത അന്തരമുണ്ട്.
ഹിന്ദു തീവ്രവാദം ഉന്നം വയ്ക്കുന്നത് ഹിന്ദുനാമവും മുസ്ലിംവൈരവും ഉപയോഗിച്ച് ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥയുടെ മേലും ബഹുസ്വരമായ സംസ്‌കാരത്തിന്റെ മേലും പിടിമുറുക്കാനും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത് ഒരു മതസര്‍വ്വാധിപത്യം നടപ്പിലാക്കാനും ഒരു കൂട്ടം സാമ്ബത്തിക ശക്തികള്‍ക്ക് ഇന്ത്യയെ കൈവശപ്പെടുത്തി കൊടുക്കാനുമാണ്. ഇസ്ലാമിക തീവ്രവാദം അറിഞ്ഞോ അറിയാതെയോ അതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒപ്പം സ്വന്തം സമുദായത്തെ അപകടപെടുത്തുകയും. ഇന്ത്യ പിടിച്ചെടുക്കാം എന്ന മൂഢചിന്ത ബിന്‍ലാദനെ പോലെ ഒരു ഭ്രാന്തന് പോലും ഉണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് ഇത്തരമൊരു തീവ്രവാദം ഉള്ളതായി കാണുന്നില്ല. ഉണ്ടെങ്കില്‍ അതും ഇന്ത്യയുടെ ശത്രുവാണ് എന്നതില്‍ സംശയമെന്ത്? വെള്ളപൂശല്‍ ഒരു തൊഴിലാണ് — രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത്യന്താപേക്ഷിതമായ ഒരു തൊഴില്‍. അതിനാലായിരിക്കണം അദ്ദേഹത്തിന് അത് പെട്ടെന്നു തന്നെ ഓര്‍മ്മ വന്നത്. എന്റെ തൊഴില്‍ വേറെയാണ്.
3. ദേശസുരക്ഷ മുന്‍നിര്‍ത്തി പരിശോധന കര്‍ക്കശമാക്കുന്നതു സ്വാഭാവികമല്ലേ എന്നദ്ദേഹം ചോദിക്കുന്നു. ‘കര്‍ക്കശം’ എന്ന വാക്കും ‘കാര്യക്ഷമം’ എന്നതും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് അറിഞ്ഞുകൂടെന്നുണ്ടോ? ഒരു ജനാധിപത്യത്തില്‍ ഒരു പൗരവ്യക്തിയോടും കര്‍ക്കശമായി പെരുമാറാന്‍ ഒരു ഉദ്യോഗസ്ഥനും ഒരു മന്ത്രിക്കും ഒരു മുഖ്യമന്ത്രിക്കും ഒരു പ്രധാനമന്ത്രിക്കും അനുവാദമില്ല, അവകാശമില്ല. ‘മര്യാദ’ (courtesy) എന്നാണ്‌സംസ്‌കാരസമ്ബന്നങ്ങളായ രാഷ്ട്രങ്ങളില്‍ പൗരവ്യക്തികളോടുള്ള മന്ത്രിമാരടക്കമുള്ള ഉദ്യോഗസ്ഥരുടെ ശരിയായ പെരുമാറ്റത്തെ വിളിക്കുന്നത്. ഏതായാലും ബാഗ്‌ദോഗ്രയിലെ പൊലീസുകാരന്‍ കര്‍ക്കശനായിരുന്നില്ല, അയാളെ തളച്ചിട്ട പ്രത്യയശാസ്ത്രത്തിന്റെ അന്ധകൂപത്തില്‍ ഉഴറുന്നവന്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് അയാള്‍ക്ക് ശമ്ബളം കൊടുക്കാന്‍ സഹകരിക്കുന്ന 100 കോടിയിലേറെ ഇന്ത്യക്കാരിലൊരാള്‍ എന്ന നിലയില്‍ എനിക്ക് അയാളോട് സഹതാപം മാത്രം തോന്നിയത്. പക്ഷെ അയാള്‍ പ്രതിനിധീകരിച്ച വിഷമയമായ വര്‍ഗീയമനഃശാസ്ത്രം ഇന്ത്യക്ക് ആപത്താണ്.
4. ഞാന്‍ (ഈ ലേഖകന്‍) സുരക്ഷാ പരിശോധന നേരിടുന്ന ആദ്യ വ്യക്തിയല്ല എന്നദ്ദേഹം പറയുന്നു. അദ്ദേഹം ഉദ്ദേശിക്കുന്നത് സുരക്ഷാ പരിശോധനയെ ഞാന്‍ ഒരു അഹന്താ പ്രശ്‌നമായോ പുതുമയായോ എടുത്തു എന്നാണെന്നു തോന്നുന്നു. ഇത് അതീവ ബാലിശമായ ഒരു പ്രസ്താവനയാകയാല്‍ സുരക്ഷാ പരിശോധനകളുമായുള്ള എന്റെ ബന്ധം വ്യക്തമാക്കാനായി എന്റെ സ്വന്തമായ കുറച്ചു വിഴുപ്പലക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്. കാരണം ഞാന്‍ വിദേശരാജ്യങ്ങളിലുള്ള മലയാളികളായ വായനക്കാരുടെ വിശാലമനസ്‌ക്കതയാലും സ്‌നേഹത്താലും അന്‍പതോളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അവയില്‍ പലതും പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ആഗോളയാത്ര ചെയ്യുന്നപതിനായിരക്കണക്കിന് മലയാളികളില്‍ ഒരുവന്‍ മാത്രമാണ് ഞാന്‍ എന്നും എനിക്കറിയാം.
രണ്ടു തവണ ഞാന്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ പിടിച്ചു വയ്ക്കപെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു കൊണ്ടിരുന്ന 88ല്‍ ഓസ്ലോയിലേക്കുള്ള എന്റെ യാത്രമോസ്‌കോ വിമാനത്താവളത്തില്‍ തടയപ്പെടുന്നതിന്റെ വക്കില്‍ വരെ എത്തി. മൂന്ന് വര്‍ഷംമുമ്ബ് ജോര്‍ജിയയിലെ റ്റിബ്ലിസി എയര്‍പോര്‍ട്ടില്‍ വിമാനം പുറപ്പെടുന്നതിനു മിനിറ്റുകള്‍ മുമ്ബ് വരെ മസ്‌ക്കറ്റിലേക്കുള്ള എന്റെ യാത്ര വച്ചു താമസിക്കപ്പെട്ടു. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയൊന്നും മേല്‍പ്പറഞ്ഞ ‘ഉത്തരേന്ത്യന്‍’ രീതിയിലുള്ള സംശയങ്ങള്‍ മൂലമായിരുന്നില്ല. ടിക്കറ്റിലും വിസയിലും വന്നു ചേര്‍ന്ന സാങ്കേതിക സ്ഖലിതങ്ങളും ചിലയിടങ്ങളില്‍ കറകളഞ്ഞ അഴിമതിയും മൂലമായിരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സുരക്ഷാപരിശോധനകളെ പറ്റിയും അവയുടെ പ്രാധാന്യത്തെ പറ്റിയും ഒരു രാജ്യത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ഇമിഗ്രേഷന്‍ ചടങ്ങുകളെക്കുറിച്ചും അവയ്ക്ക് കൃത്യമായി വഴങ്ങേണ്ടതിനെ കുറിച്ചും ഞാന്‍ അത്യാവശ്യം ബോധവാനാണ്.
എനിക്ക് അഹന്ത ഉണ്ട്. അത് ഒരു മതേതര ജനാധിപത്യത്തിലെ പൗരന്‍ എന്ന അഹന്തയാണ്. ആ രാഷ്ട്രത്തിലെ നിയമങ്ങളെ ലംഘിക്കുകയോ അവയില്‍ നിന്ന് ഒഴിഞ്ഞു മാറുകയോ ചെയ്യുന്നത് ആ അഹന്തയെ തരം താഴ്ത്തുകയാണ്. ഒരു ഇന്ത്യന്‍ പൗരനായ ഞാന്‍ യാത്ര ചെയ്ത രാജ്യങ്ങളുടെ മതം നോക്കി ബാഗ്‌ദോഗ്രയില്‍ നടത്തിയ profiling എന്റെ ഇന്ത്യന്‍ പൗരത്വത്തോടും ഇന്ത്യന്‍ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ശരിയാണ് ഞാന്‍ സുരക്ഷാ പരിശോധന നേരിടുന്ന ആദ്യത്തെ വ്യക്തിയല്ല, പക്ഷെ ഇത്തരം പൗരത്വാവകാശലംഘനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത ഒരു രാജ്യസ്നേഹിയുമാണ്.
5. സക്കറിയ എന്ന എഴുത്തുകാരന്‍ ഉത്തരേന്ത്യയില്‍ സുപരിചിതനായിരിക്കണമെന്നില്ല എന്നദ്ദേഹം പറയുന്നു. ഇനിയഥവാ ഞാന്‍ സുപരിചിതനായിരുന്നെങ്കില്‍ എനിക്ക് പ്രത്യേക പരിഗണന ലഭിക്കുമായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ അത് പദവിപൂജാമനഃശാസ്ത്രത്തിന് അടിമയായ ഒരാളുടെ പ്രസ്താവനയാണ്.എഴുത്തുകാരന്‍ അഥവാ എഴുത്തുകാരി എന്ന പൊയ്ക്കാല്‍ഉപയോഗിച്ച് എഴുത്തുകാര്‍ സമൂഹത്തിലെ മറ്റു പൗരവ്യക്തികള്‍ക്കില്ലാത്ത പരിഗണനകള്‍ തേടുന്നത് സംസ്‌ക്കാരരഹിതവും മ്ലേച്ഛവും ആണെന്ന് വിശ്വസിക്കുകയും അങ്ങനെ തന്നെ ജീവിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍ എന്ന് ശ്രീ മുരളീധരനെ അറിയിച്ചുകൊള്ളട്ടെ. സമൂഹം നല്‍കിയ പദവികള്‍ – എന്റെ കാര്യത്തില്‍ എഴുത്തുകാരന്‍ എന്ന പേര് – ഉപയോഗിച്ച് മുന്‍ഗണന തേടുന്നവര്‍ മന്ത്രി ആയാലും തന്ത്രി ആയാലും ആള്‍ദൈവമായാലും മഹാകവിയായാലും തരംതാണ മനുഷ്യരാണെന്നതില്‍എന്ത് സംശയം?
6. ‘സക്കറിയ പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന് സംശയം തോന്നുന്നതില്‍ തെറ്റ് പറയാനില്ല’ എന്ന് അദ്ദേഹം പറയുന്നു. ഇത് ഒരു കേന്ദ്രമന്ത്രിയില്‍ നിന്ന് വരുമ്‌ബോള്‍ അവിശ്വസനീയമായി തോന്നുന്നു. ഒരു ദക്ഷിണേന്ത്യക്കാരന്‍പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അത് ഒരു ഉത്തരേന്ത്യക്കാരന്‍ ഉദ്യോഗസ്ഥനില്‍ സംശയമുണര്‍ത്തുന്നത് ശരിയാണ് എന്നാണ്അദ്ദേഹം പ്രസ്താവിക്കുന്നത്. കേരളക്കാരനായ ഒരു ഇന്ത്യന്‍ പൗരന്‍ – അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ – പല തവണ ഗള്‍ഫിലെ മുസ്ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാന്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു ഇന്ത്യന്‍ നിയമമാണ് അനുമതി നല്‍കുന്നത്? അതോ ഉത്തരേന്ത്യയ്ക്കുംദക്ഷിണേന്ത്യക്കും വെവ്വേറെ നിയമങ്ങള്‍ ആയിക്കഴിഞ്ഞോ? അതെന്തായാലും ഫണ്ട് പിരിക്കാനും പണം പൂഴ്ത്തിവയ്ക്കാനും മറ്റും മറ്റുമായി ഗള്‍ഫിലേക്ക് പാഞ്ഞു പൊയ്ക്കൊണ്ടേയിരിക്കുന്ന ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പാസ്സ്‌പോര്‍ട്ടുകള്‍ കണ്ടാല്‍ ഈ ഉത്തരേന്ത്യക്കാരന്‍ എന്ത് പറയുമായിരുന്നു? ഗള്‍ഫിലെ സ്ഥിരം സന്ദര്‍ശകരായ ആര്‍എസ്എസ് പ്രചാരകരുടെയും മറ്റു ഭാരവാഹികളുടെയും പാസ്സ്‌പോര്‍ട്ടുകള്‍ കണ്ടാലോ?
ഏറ്റവും നിര്‍ഭാഗ്യകരമെന്തെന്നാല്‍ മന്ത്രി ആ ഉദ്യോഗസ്ഥനെ ഒരു ഉത്തരേന്ത്യക്കാരന്‍ എന്ന് വിവരിച്ചു എന്നതാണ്. അതൊരു വംശീയ (racist) profiling ആണ്. ഉത്തരേന്ത്യക്കാര്‍ ഇങ്ങനെ ആയിരിക്കും എന്നൊരു racist മുന്‍വിധി അതില്‍ ഉണ്ട്. (അയാള്‍ എവിടുത്തുകാരനാണ് എന്ന് ആര്‍ക്കറിയാം? ഒരുപക്ഷെ മലയാളി തന്നെ ആയിരിക്കാം. മലയാളികള്‍ പല തരമല്ലേ?). ഞാന്‍ രണ്ട് ദശകത്തോളംഡല്‍ഹിയില്‍ ജീവിച്ചിട്ടുണ്ട്, ഉത്തരേന്ത്യയില്‍ സഞ്ചരിച്ചിട്ടുണ്ട്. വര്‍ഗീയ വിഷം കുത്തിവയ്ക്കപെട്ടിട്ടില്ലാത്ത ഉത്തരേന്ത്യക്കാര്‍ (അവരാണ് ഭൂരിപക്ഷം) പൊതുവില്‍ സന്മനസ്‌ക്കരും സംസ്‌കാരസമ്ബന്നരുമാണ്. ഹിന്ദു-മുസ്ലിം സംസ്‌കാരങ്ങളുടെ ഒരു സൗമ്യസമന്വയമാണ് അവരെ അങ്ങനെ ആക്കുന്നത്. മന്ത്രിയുടെ പരിചയവലയങ്ങളുടെ പ്രശ്‌നമാവാം അദ്ദേഹത്തെക്കൊണ്ട്ഇങ്ങനെ ചിന്തിപ്പിച്ചത്.
7. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധ പ്രക്ഷോഭണവും ഉത്തരേന്ത്യയില്‍ ചര്‍ച്ചയാകുന്നു എന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധ പ്രക്ഷോഭണവും വര്‍ധിച്ചു വരുന്നു എന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കു പ്രിയപ്പെട്ട വായ്ത്താരികളില്‍ ഒന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ ഇസ്ലാമിക തീവ്രവാദവും കേരളത്തില്‍ ഉണ്ട് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? രണ്ടും ശ്രീ മുരളീധരന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നതു പോലെ വര്‍ധിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഏതായാലും അദ്ദേഹം സൂചിപ്പിക്കുന്നത് ‘ഉത്തരേന്ത്യയില്‍’ നടക്കുന്ന കേരളത്തെ പറ്റിയുള്ള ഇത്തരം ചര്‍ച്ചകള്‍ മൂലമാണ് ആ പൊലീസുകാരന്‍ എന്നെ സംശയദൃഷ്ട്യാ വീക്ഷിച്ചത് എന്നാണ്. ഇത് അപകടകരമായ ഒരു നിലപാടാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അവസരവാദപരമായ ചര്‍ച്ചാവിഷയങ്ങളാണോ ഉദ്യോഗസ്ഥര്‍ നിയമം നടപ്പിലാക്കുന്നതിന്റെ അളവുകോലുകള്‍? ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്ന മുസ്ലിംവിരുദ്ധ കലാപങ്ങള്‍ കേരളത്തിലെ ഭരണകക്ഷിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ചര്‍ച്ചാവിഷയമാണ്. അതിന്റെ പേരില്‍ ഇവിടെ ഓരോ കാരണങ്ങളാല്‍ എത്തിച്ചേരുന്ന ഡല്‍ഹിക്കാരായ ഹിന്ദുക്കളെ, ബിജെപിക്കാരെത്തന്നെ, ഇവിടെ കലാപം സൃഷ്ടിക്കാന്‍വന്നവരാണെന്ന്പറഞ്ഞു പൊലീസ് ചോദ്യം ചെയ്തു തുടങ്ങിയാല്‍ എന്ത് ചെയ്യും?
8. അദ്ദേഹം ചോദിക്കുന്നു: ‘പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണെന്നു സംശയം തോന്നിയതിനെ എന്തിനാണ് വര്‍ഗീയ വിഷം എന്ന് വിളിക്കുന്നത്?’ ഇതാണ് ശ്രീ മുരളീധരന്റെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം. എല്ലാ ഗള്‍ഫ് പ്രവാസികളും അതീവ ശ്രദ്ധയോടെ പഠിക്കേണ്ട ഒരു ചോദ്യം. ശ്രീ മുരളീധരന്റെ ചോദ്യത്തിന്റെ അര്‍ത്ഥം വളരെ ലളിതമാണ്: നിങ്ങള്‍ ഇന്നത്തെ കേന്ദ്രഭരണകൂടത്തിനു അഭിമതമല്ലാത്ത ഒരു ജനാധിപത്യപ്രക്ഷോഭത്തെ പിന്തുണച്ചാല്‍ നിങ്ങളുടെ ഗള്‍ഫ് യാത്രകളെ ഞങ്ങള്‍ ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെടുത്തില്‍ അത്വര്‍ഗീയ വിഷമാണെന്ന് പറയരുത്. ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രിയാണ് ഇത് പറയുന്നത്. അദ്ദേഹത്തിലെ പരിശീലിത തലച്ചോര്‍ കൃത്യമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നു. ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് അദ്ദേഹം ചവറ്റുകൊട്ടയില്‍ തള്ളുന്നു. പക്ഷെ എന്നെ അദ്ഭുതപെടുത്തിയത് ഇതാണ്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി എന്ന നിലക്ക് അദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങളുടെ മേല്‍ ഒരു മതബദ്ധ profiling നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.
ഒന്നോ രണ്ടോ രാഷ്ട്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വിമോചിത ഇസ്ലാമിക രാഷ്ട്രങ്ങളായ അവയെ–ഇന്ത്യയും ഇന്ത്യക്കാരുമായും ശ്രീ നരേന്ദ്ര മോദിയുടെ ഭരണകൂടവുമായും ഏറ്റവും സൗഹൃദം പുലര്‍ത്തുന്ന അവയെ–‘ഇന്ത്യാ വിരുദ്ധങ്ങള്‍’ എന്ന് മുദ്രകുത്തപ്പെട്ട പൗരപ്രക്ഷോഭങ്ങളുമായി ബന്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഫലത്തില്‍ലക്ഷോപലക്ഷം മലയാളികളുടെയും അത്രതന്നെ മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെഇന്ത്യാവിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന്അദ്ദേഹം ചാപ്പ കുത്തുകയാണ്. ഇന്ത്യക്കു നല്‍കാന്‍ കഴിയാത്ത ഒരു അതിജീവനത്തിനായി അവിടേക്കു പോകുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരവ്യക്തികളെ അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കുന്നു. ഈ രാജ്യങ്ങള്‍ പൗരത്വ പ്രക്ഷോഭത്തെ സഹായിക്കുന്നുവെന്ന് ശ്രീ മുരളീധരന്‍ വിശ്വസിക്കുന്നതായി തോന്നുന്നു. പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവരുടെ മറ്റൊരു രാജ്യത്തേക്കുമുള്ള യാത്രകളെ അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക. ഏതായാലും ബാഗ്‌ദോഗ്രയിലെ പൊലീസുകാരന്റെ യുക്തി തന്നെയാണ് നാം ഇവിടെ കാണുന്നത്. ഗള്‍ഫ് എന്നാല്‍ ഇസ്ലാമികം. ഇസ്ലാമികം എന്നാല്‍ ഇന്ത്യാവിരുദ്ധം. എത്ര ലക്ഷം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് ശ്രീ മുരളീധരന്‍ നോട്ടപ്പുള്ളികളാക്കുന്നത്! നമ്മുടെ ആരാധനാലയങ്ങളും ആള്‍ദൈവങ്ങളുമെല്ലാം കൊറോണക്ക് മുമ്ബില്‍ മുട്ടുത്തി അടച്ചുപൂട്ടി പൊയ്ക്കളഞ്ഞതു കൊണ്ട് അദ്ദേഹത്തിനുവേണ്ടി ആരോടാണ് പ്രാര്‍ത്ഥിക്കുക!
Dailyhunt
Post Your Comments