KeralaLatest NewsNews

രജിത് കുമാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം• ടെലിവിഷന്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ച സംഭവത്തിലാണ് നടപടി. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കേസെടുത്തതിനെത്തുടര്‍ന്ന് രജിത് ഒളിവില്‍ പോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങലിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

രജിത്തിന്റെ സ്വീകരണ പരിപാടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയിരുന്ന രജിത് കുമാറിനെ കണ്ടെത്താന്‍ ആലുവ സെന്‍ട്രല്‍ ബാങ്കിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുന്നറിയിപ്പ് ലംഘിച്ച്‌ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സംഘം ചേരുകയും ആര്‍പ്പുവിളിക്കുകയും ചെയ്ത 75 ഓളം പേര്‍ക്കെതിരെ നെടുമ്ബാശേരി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്ബത് മണിയോടെ ഇവര്‍ ഒത്തുകൂടിയപ്പോഴാണ് വിമാനതാവളത്തിലെ പൊലീസുകാര്‍ വിവരമറിയുന്നത്.

പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു. സംഭവശേഷം ആലുവയിലെ ലോഡ്ജിലായിരുന്നു രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ കടന്നു കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button