KeralaLatest NewsNews

കോവിഡ് 19: ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ ബാധിക്കുമോ? മന്ത്രി ശൈലജ ടീച്ചറുടെ പ്രതികരണം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന ആശങ്ക പൊതു ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാല്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല എന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുളള ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണെന്നുമുളള അറിയിപ്പ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുന്‍കരുതലുകള്‍ എന്ന രീതിയില്‍ പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കാനും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റ് അന്തര്‍ദേശീയ ഏജന്‍സികളുടെയും ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങളുടെയും പഠനങ്ങള്‍ വിലയിരുത്തുന്നുവെന്നും അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വഴി രോഗം പകരുമെന്ന മിഥ്യാധാരണ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും തുടച്ചുനീക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുവാന്‍ എല്ലാ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

കൂടാതെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളില്‍ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ട പരിശോധനകള്‍ നടത്തേണ്ടതാണ്. കോവിഡ് വ്യാപനം തടയുന്നതിന് വൃത്തിയായി കൈ കഴുകുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളുടെ ഉടമകള്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button