വാഷിംഗ്ടണ്‍ ഡിസി: സാമൂഹിക അകലം സംബന്ധിച്ച നിയമം ജനങ്ങള്‍ ഗൗരവമായി കാണുന്നില്ലെങ്കില്‍ അമേരിക്കയില്‍ കൊറോണ വൈറസ് പടരുന്നത് ഇറ്റലിയേക്കാള്‍ ഭയാനകമായിത്തീരാന്‍ സാധ്യതയുണ്ടെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് നിലവിലുള്ള കേസുകളുടെ എണ്ണം രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍ കണ്ടുപിടിച്ച രോഗവുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും, ഇത് അമേരിക്കയില്‍ അണുബാധകള്‍ വര്‍ധിക്കുമെന്നതിന്റെ സൂചനയാണെന്നും സര്‍ജന്‍ ജനറല്‍ ഡോ. ജെറോം ആഡംസ് പറഞ്ഞു.
‘നിര്‍ണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതേ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ കൊറോണ വൈറസ് വ്യാപനം പ്രവചനാതീതമായിരിക്കും. ഒരുപക്ഷെ, ഇറ്റലിയേക്കാള്‍ കൂടുതല്‍ അമേരിക്കയില്‍ ഈ വൈറസിന്റെ പ്രഹരമുണ്ടാകാം,’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അമേരിക്കയില്‍ ഇതുവരെ 3,800 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കുറഞ്ഞത് 66 പേര്‍ മരിച്ചു, അതില്‍ മൂന്നില്‍ രണ്ട് പേരും വാഷിംഗ്ടണ്‍ സംസ്ഥാനത്താണ്.
യൂറോപ്പിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന രാജ്യമാണ് ഇറ്റലി, കൊറോണ വൈറസ് മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ആദ്യത്തെ രാജ്യവും.
സാമൂഹികമായി അകലം പാലിക്കാനും സര്‍ക്കാരിന്റെ അടിസ്ഥാന ആരോഗ്യ നടപടികള്‍ പാലിക്കാനുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉപദേശം ആളുകള്‍ ശ്രദ്ധിച്ചാൽ ഇറ്റലിയുടെ അനുഭവം ഒഴിവാക്കാനാവുമെന്ന് സര്‍ജന്‍ ജനറല്‍ മുന്നറിയിപ്പു നല്‍കി.
സ്വയം ഒറ്റപ്പെടല്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ദക്ഷിണ കൊറിയ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ 1,770 പേര്‍ക്കാണ് കൊവിഡ്-19 ബാധിച്ചിരിക്കുന്നത്. 75 പേര്‍ മരിക്കുകയും ചെയ്തു.
“ആളുകള്‍ യഥാര്‍ത്ഥത്തില്‍ ജാഗ്രത പാലിച്ചാല്‍, സര്‍ക്കാരിന്റെ അടിസ്ഥാന പൊതുജനാരോഗ്യ നടപടികള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറായാല്‍, വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാമെന്ന് ഡോ. ആഡംസ് പറഞ്ഞു.
-മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments