തിരുവനന്തപുരം : അടിമലത്തുറയില്‍ കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി . ആശങ്ക സൃഷ്ടിച്ച് മറ്റൊരു മൃതദേഹം കണ്ടെത്തിയത് പൊലീസിനും ആശങ്കയുണ്ടാക്കി. . സൗത്ത് തുമ്പ ഭാഗത്തെ കടലില്‍ ഉച്ചകഴിഞ്ഞ് കണ്ടെത്തിയ മൃതദേഹം കോട്ടുകാല്‍ പുന്നവിള എസ്എം ഹൗസില്‍ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷമ്മി-മായ ദമ്പതിമാരുടെ മകള്‍ ഷാരു(17) വിന്റെതാണെന്ന് രാത്രിയോടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
കോട്ടുകാല്‍ പുന്നവിള വീട്ടില്‍ വിജയന്-ശശികല ദമ്പതിമാരുടെ മകള്‍ ശരണ്യ(20), കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്-ഇന്ദു ദമ്പതിമാരുടെ മകള്‍ നിഷ(20) എന്നിവരാണ് ഷാരുവിനൊപ്പം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടിമലത്തുറ കടല്ക്കര പോയി കാണാതായത്.
ഇവരില്‍ നിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രി ഈ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തിരുന്നു. ശരണ്യയുടെ മൃതദേഹം അടുത്ത ദിവസവും കണ്ടെത്തി. ഷാരുവിനായി തിരച്ചില്‍ തുടരവെയാണ് തുമ്പ ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. അവര്‍ തന്നെ കരക്കെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
തുമ്പയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഏതാണ്ട് അതേ സമയം പൂവാര്‍ ഭാഗത്തെ കടലില്‍ വനിതയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളിലും പൊലീസിലുമുള്‍പ്പെടെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ അടയാളങ്ങള്‍ വച്ച് ഷാരുവിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
തമിഴ്നാട് കുളച്ചല്‍ ഭാഗത്തു നിന്നു 11ന് 60 കാരിയെ കാണാനില്ലെന്ന പരാതിയുള്ളതായി അന്വേഷണത്തിലറിയാനായതായി വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
Post Your Comments