റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ച് സൗദിയിലെ ഇന്ത്യൻ എംബസി. റിയാദിലെ ഉമ്മുൽ ഹമാം, ബത്ഹ, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള പാസ്‍പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങളാണ് തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെ അടച്ചത്.
ഈ കാലയളവിൽ പാസ്‍പോർട്ട് പുതുക്കൽ, പുതിയതിന് അപേക്ഷിക്കൽ, വിസയ്ക്ക് അപേക്ഷിക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ ഒരുവിധ കോൺസുലർ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതല്ല. എന്നാൽ അടിയന്തര ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക കോൺസുലർ സർവീസ് അത്യാവശ്യമായി വന്നാൽ ഉമ്മുൽ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താറുള്ള പതിവ് കോൺസുലർ സന്ദർശന പരിപാടികൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചിരുന്നു.
Post Your Comments