ആലപ്പുഴ: കൊറോണയ്‌ക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒത്തൊരുമിച്ച് കൊറോണയ്‌ക്കെതിരെ പൊരുതാമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിഎസ് കുറിച്ചു. അനാരോഗ്യം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം ഏറെ നാളായി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പ്രിയമുള്ളവരേ, കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.
Post Your Comments