
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി ആയൂർവേദ മരുന്നോ ഹോമിയോപ്പതി മരുന്നോ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ വച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രസമ്മേളനത്തിൽ പറഞ്ഞതിനെക്കുറിച്ച് ഐ.എം.എ. ആക്ഷേപിക്കുന്നത് അല്പത്തരമാണെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ.ജി. രാധാകൃഷ്ണൻ വൈദ്യർ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മീഡിയാ റൂമിൽ വച്ച് 2020 മാർച്ച് 13ന് രാത്രി ആരോഗ്യമന്ത്രി പറഞ്ഞ സത്യം ഐ.എം.എ.ക്ക് ഇഷ്ടപ്പെട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ അലോപ്പൊതി ചികിത്സാ പദ്ധതിയിൽ മരുന്നില്ല എന്നത് ലോകത്ത് എല്ലാവർക്കും അറിയാം. ഈ സത്യം കേരളത്തിലെ എല്ലാ പത്രങ്ങളും ടിവി ചാനലുകാരും പറഞ്ഞുകൊണ്ടിരിക്കുന്നു.
കൊറോണ ബാധ സംശയിക്കുന്നവരെ സർക്കാർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ മാറ്റിപാർപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കൊറോണ രോഗലക്ഷണം കണ്ടെത്താനും പ്രതിരോധ വലയം തീർക്കാനുമായി അലോപ്പൊതി ഡോക്ടർമാർ മാത്രമാണ് സേവനം ചെയ്യുന്നതെന്ന വലിയ സത്യം എല്ലാ മലയാളികൾക്കും അറിയാം. മാത്രമല്ല പനിയോ ജലദോഷമോ വന്നാൽ ആരും ആയൂർവേദ ആശുപത്രികളിലേക്ക് പോകില്ലെന്നും നാട്ടുകാർക്കറിയാം. ഏതെങ്കിലും കൊറോണ രോഗി കേരളത്തിലെ ഏതെങ്കിലും സർക്കാർ ആയുർവേദ കോളജിലോ സർക്കാർ ആയൂർവേദ ആശുപതികളിലേക്കോ പോകില്ല. അതിനാൽ കൊറോണ രോഗം പരക്കുന്ന കാലത്ത് ഏതെങ്കിലും അലോപ്പൊതി ഡോക്ടർക്ക് രോഗികളെ നഷ്ടപ്പെടില്ല. മന്ത്രി പറഞ്ഞതുകേട്ട് ഏതെങ്കിലും പനി രോഗി ആയൂർവേദ ആശുപത്രികളിലേക്ക് കയറി ചെല്ലുകയുമില്ല. ഇതറിയാമായിരുന്നിട്ടും എന്തിനാണ് മന്ത്രിയെ ആക്ഷേപിക്കുന്നത്.
ആയൂർവേദമോ ഹോമിയോയോ കഴിച്ച് രോഗപ്രതിരോധശേഷി നേടാൻ ആരോഗ്യമന്ത്രി പറഞ്ഞതിനാൽ കൊറോണ പ്രതിരോധ യത്നത്തിന്‍റെ നട്ടെല്ലൊടിക്കുമെന്നും അലോപ്പൊതി ഡോക്ടർമാരുടെ മനോവീര്യം കെടുത്തുമെന്നാണ് ഐ.എം.എയുടെ കണ്ടുപിടിത്തം. ഇതു വലിയ കണ്ടുപിടിത്ത മായിപ്പോയി. എന്തുവിഷയം വന്നാലും ഐ.എം.എ. ആദ്യം പറയുന്ന കാര്യം ആയൂർവേദമരുന്നിന് ശാസ്ത്രീയത ഇല്ലെന്നാണ്. ആയൂർവേദ മരുന്നിന് ശാസ്ത്രീയതയില്ലെന്നു പറഞ്ഞ് ജനങ്ങളെ അലോപ്പൊതി മരുന്നു കഴിപ്പിക്കാൻ ഐ.എം.എ. സ്ഥിരമായി നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായി മാത്രം ഈ പ്രസ്താവ നയെ കണ്ടാൽമതി.
ആയൂർവേദ മരുന്നിന്‍റെ ഫലവും സിദ്ധിയും തനിക്ക് നന്നായി അറിയാമെന്ന് മുഖ്യമന്ത്രിയായ ശേഷവും പരസ്യമായി പറയാൻ തന്റേടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാണ് ആരോഗ്യമന്ത്രി ആയൂർവേദവും ഹോമിയോയും പ്രതിരോധ മരുന്നുകളായി ഉപയോഗിക്കാൻ പറഞ്ഞത്.
ഐ.എം.എ.യും അലോപ്പൊതി മരുന്നുകമ്പനികളും ഉണ്ടാക്കിവച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആയൂർവേദ മരുന്ന് ശാസ്ത്രീയമായി വിലയിരുത്തിയിട്ടില്ല. അതിനാൽ ആയൂർവേദ മരുന്നിന് ഫലം നഷ്ടമാകുന്നില്ല. ഇതു പറഞ്ഞുകൊടുക്കാൻ കേരളത്തിലെ ആയൂർവേദ വിദ്യാഭ്യാസ ഡയറക്ടർക്കോ ആയൂർവേദക്കാരുടെ സംഘടനകൾക്കോ കഴിയാതെ പോകുന്നു.
കഴിവുകേടായി മാത്രമേ ഇതിനെക്കുറിച്ച് പറയാൻ കഴിയൂ.
കൊറോണ രോഗികളെ ചികിത്സിക്കുന്ന അലോപ്പൊതി ഡോക്ടർമാർക്ക് അലവൻസോ ശമ്പളകൂടുതലോ നൽകുന്ന സ്ഥിതിവരാം. ഒരു കൊറോണ രോഗിയെ നേരിൽപോലും ചെയ്യാത്ത സർക്കാർ ആയൂർവേദ ഡോക്ടർമാർ, അലോപ്പൊതിമാർക്കു തുല്യമായ ശമ്പളവർധന ആ സമയം ചോദിക്കരുതെന്നുകൂടി വൈദ്യമഹാസഭ ഈ സമയം ഓർമിപ്പിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
Post Your Comments