ബെയ്ജിങ്: രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വീഴ്ച സംഭവിച്ചെന്ന് വിമര്‍ശിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തെ കാണ്മാനില്ല. റെന്‍ സ്വീക്വിയാങ്ങിനെയാണ് മാര്‍ച്ച് 12 മുതല്‍ കാണാതായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് മുന്‍ ഉന്നതമേധാവി കൂടിയാണ് ഇയാൾ. അതേസമയം, റെന്‍ സ്വീക്വിയാങ്ങിനെ കാണാതായ സംഭവത്തില്‍ ബെയ്ജിങ് പൊലീസ് പ്രതികരിച്ചിട്ടില്ല.
റെന്‍ സ്വീക്വിയാങ്ങ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേര് പരാമര്‍ശിക്കാതെ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും പുതിയ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചക്രവര്ത്തിയെയല്ല, ചക്രവര്‍ത്തിയാകാന്‍ നിരന്തരം നിര്‍ബന്ധം പിടിക്കുന്ന ഒരു കോമാളിയെയാണ് താന്‍ കാണുന്നതെന്നും റെന്‍ സ്വീക്വിയാങ്ങ് പറഞ്ഞിരുന്നു.
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്തത് കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനെ തടഞ്ഞുവെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഈ ലേഖനം 1.70 ലക്ഷത്തോളം പാര്‍ട്ടി പ്രവര്ത്തകരിലെത്തിയിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
ALSO READ: ലോകത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങളുമായി ഈ കേന്ദ്ര ഭരണ പ്രദേശം
ചൈനീസ് സര്‍ക്കാര്‍ നയങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് 2016ല്‍ റെന്‍ സ്വീക്വിയാങ്ങിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ട് പൂട്ടിയിരുന്നു. റെന്‍ സ്വീക്വിയാങ്ങിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും തെരയുകയാണെന്നും അടുത്ത സുഹൃത്തും ബിസിനസുകാരിയുമായ വാങ് യിങ് പറഞ്ഞു. കാണാതായതില്‍ അതീവ ഉത്കണ്ഠയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments